ആറ് മാസം മുന്‍പ് കൂട്ടുകാരനെ കൊന്ന് കിണറ്റിലിട്ടു; കിണര്‍ മൂടാനായി ടണ്‍ കണക്കിന് മാലിന്യവും കൊണ്ടുവന്ന് തള്ളി; കൊല്ലപ്പെട്ട ഇര്‍ഷാദിന്റെ മൃതദേഹത്തിനായി കിണറ്റില്‍ തിരച്ചില്‍ തുടരുന്നു; എല്ലാത്തിനും കാരണമായത് വിഗ്രഹത്തട്ടിപ്പ്
സ്വന്തം ലേഖകന്‍
എടപ്പാള്‍: പന്താവൂര്‍ കാളച്ചാല്‍ കിഴക്കെ വളപ്പില്‍ ഇര്‍ഷാദ് ഹനീഫ (25)യുടെ മൃതദേഹത്തിനായുള്ള തിരച്ചില്‍ തുടരുന്നു. 15 കോല്‍ ആഴമുള്ള കിണറ്റില്‍നിന്ന് മണിക്കൂറുകളോളം കഷ്ടപ്പെട്ട് മാലിന്യങ്ങള്‍ കോരിമാറ്റിയിട്ടും ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായിട്ടില്ല. ആറുമാസം മുന്‍പാണ് ഇര്‍ഷാദിനെ സുഹൃത്തുക്കള്‍ കൊന്ന്, മൃതദേഹം കിണറ്റില്‍ ഉപേക്ഷിച്ചത്. അതിനുമുകളില്‍ നിക്ഷേപിച്ച ടണ്‍ കണക്കിന് മാലിന്യം നീക്കിയാല്‍ മാത്രമേ മൃതദേഹം ലഭിക്കൂ. ഇര്‍ഷാദിന്റെ സുഹൃത്തുക്കളായ സുഭാഷ്, എബിന്‍ എന്നിവരെ ചങ്ങരംകുളം പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.
എടപ്പാള്‍ പൂക്കളത്തറ സെന്ററിലെ പൊട്ടക്കിണറ്റിലാണ് മൃതദേഹം തള്ളിയതെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍. ക്ഷേത്ര പൂജാരിയായ സുഭാഷ് പഞ്ചലോഹ വിഗ്രഹം നല്‍കാമെന്നു പറഞ്ഞ് അഞ്ച് ലക്ഷം രൂപ ഇര്‍ഷാദില്‍നിന്ന് വാങ്ങിയിരുന്നു. വിഗ്രഹത്തിന്റെ ഫൊട്ടോ കാണിച്ചാണു ഇര്‍ഷാദിനെ സുഭാഷ് വിശ്വസിപ്പിച്ചത്. എന്നാല്‍ കബളിക്കപ്പെട്ടതാണെന്നു മനസിലായതോടെ ഇര്‍ഷാദ് തുക തിരികെ ആവശ്യപ്പെട്ടു. കൊല്ലാന്‍ കൊണ്ടുപോകുമ്പോള്‍ ഒന്നരലക്ഷവും ഇവര്‍ ഇര്‍ഷാദിന്റെ പക്കല്‍ നിന്നും കൈക്കലാക്കി. ഈ തുകയൊക്കെ തിരികെ കൊടുക്കേണ്ടി വരുമെന്ന ചിന്തയാണ് ഇര്‍ഷാദിനെ കൊല്ലാന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിഗ്രഹം തരാമെന്ന് പറഞ്ഞ് ഇര്‍ഷാദിനെ സുഭാഷിന്റെ വാടക വീട്ടിലേക്ക് വിളിച്ചുവരുത്തിയതായും തുടര്‍ന്ന് ക്ലോറോഫോം നല്‍കി ബോധരഹിതനാക്കി തലയ്ക്കു പിന്നിലടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വട്ടംകുളം സ്വദേശികളാണ് പ്രതികള്‍.
ജൂണ്‍ 11നാണ് ഇര്‍ഷാദിനെ കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് പ്രതികളെ പല തവണ ചോദ്യം ചെയ്തിരുന്നുവെങ്കിലും കാര്യമായ തെളിവ് ലഭിച്ചിരുന്നില്ല. ഇര്‍ഷാദ് അവസാനമായി വിളിച്ചത് സുഭാഷിന്റെ അധികമാര്‍ക്കും അറിയാത്ത നമ്പറിലേക്കാണെന്നു കണ്ടെതിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായതെന്നു സിഐ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നും സിഐ പറഞ്ഞു.