
ആലപ്പുഴ: ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്. കൊലപാതകം എന്ന് പൊലീസ് ഉറപ്പിക്കുമ്പോഴും, എന്തിനുവേണ്ടിയാണ് കൊലപാതകം നടന്നത്, ആരാണ് ഇതിന് പിന്നിൽ തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരമില്ല.
നാല് ദിവസമായിട്ടും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. തോട്ടപ്പള്ളി ഒറ്റപ്പനയിലെ ഹംലത്ത് (54) എന്ന സ്ത്രീയെയാണ് ഞായറാഴ്ച വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന്റെ പിൻവശത്തെ വാതിൽ ചവിട്ടിപ്പൊളിച്ച നിലയിലായിരുന്നു.
മുറിക്കുള്ളിൽ മുളകുപൊടി വിതറിയ നിലയിൽ കഴുത്തിൽ ഷാൾ കുരുക്കിയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിൽ കഴുത്തിലും മുഖത്തും പാടുകൾ കണ്ടെത്തിയിരുന്നു. പൂർണ്ണമായ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മോഷണശ്രമം നടന്നിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഹംലത്തിൻ്റെ സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല. എന്നാൽ, മൊബൈൽ ഫോൺ കാണാതായിട്ടുണ്ട്. കൊലപാതകത്തിന് മുൻപ് വീടിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതായും കണ്ടെത്തി.
ഞായറാഴ്ച പുലർച്ചെ 12:30-നാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് കെ.എസ്.ഇ.ബി. വിജിലൻസ് നടത്തിയ പരിശോധനയിൽ വ്യക്തമായി. മീറ്ററിൽ നിന്ന് മെയിൻ സ്വിച്ചിലേക്കുള്ള വയർ വലിച്ചൂരിയിട്ടുണ്ട്. എന്നാൽ, ഈ സ്ഥലത്തുനിന്ന് അന്വേഷണത്തിന് സഹായകമായ ശാസ്ത്രീയ തെളിവുകൾ ഒന്നും ലഭിച്ചില്ല.
പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ചില ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതുവരെ പത്തിലധികം ആളുകളെ ചോദ്യം ചെയ്തു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. അമ്പലപ്പുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള 15 അംഗ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.