video
play-sharp-fill

Saturday, May 24, 2025
HomeUncategorizedപാലായിലെ സിസ്റ്ററുടെ ക്രൂരമായ കൊലപാതകം: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം: ഇനി തടവ് സെൻട്രൽ ജയിലിൽ;...

പാലായിലെ സിസ്റ്ററുടെ ക്രൂരമായ കൊലപാതകം: പ്രതി സതീഷ് ബാബുവിന് ജീവപര്യന്തം: ഇനി തടവ് സെൻട്രൽ ജയിലിൽ; ക്രൂരനായ സൈക്കോ കൊലപാതകിയ്ക്ക് ഇനി കഠിന തടവ്

Spread the love

സ്വന്തം ലേഖകൻ

പാലാ: കന്യാസ്ത്രീകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ബലാത്സംഗം ചെയ്യുന്ന ക്രൂരനായ സൈക്കോ കൊലപാതകി കാസർഗോഡ് മെഴുവാതട്ടുങ്കൽ സതീഷ് ബാബു (സതീഷ്‌നായർ-41) വിന് ജീവപര്യന്തം കഠിനതടവ്. പാലാ ലിസ്യൂ കാർമ്മലെറ്റ് കോൺവെന്റിലെ സിസ്റ്റർ അമലയെ (69) തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പാലാ അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. കേസിൽ രണ്ടുലക്ഷത്തി പതിനായിരം രൂപ പിഴയായും അടയ്ക്കണം. കൊലപാതകം ബലാത്സംഗം ഭവനഭേദനം എന്നീ വകുപ്പുകൾ അനുസരിച്ചാണ് പ്രതിയ്‌ക്കെതിരായ ശിക്ഷ വിധിച്ചിരിക്കുന്നത്. കൊലപാതകത്തിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും, മാനഭംഗത്തിനു 10 വർഷം തടവും അരലക്ഷം രൂപ പിഴയും, ഭവന ഭേദനത്തിനു മൂന്ന് വർഷം തടവും 30,000 രൂപ പിഴയും, അതിക്രമിച്ചു കടന്നതിന് ഏഴ് വർഷം തടവും 30,000 പിഴയുമാണ് ശിക്ഷ. ശിക്ഷകൾ ഒന്നിച്ചു അനുഭവിച്ചാൽ മതിയെന്ന് കോടതി ഉത്തരവിട്ടു. അറസ്റ്റിനു ശേഷം 1,182 ദിവസം ജയിലിൽ കിടന്നതിനാൽ ഇത്രയും ദിവസം കുറച്ച് ശിക്ഷ അനുഭവിച്ചാൽ മതിയെന്നു കോടതി അറിയിച്ചു. 
2015 സെപ്റ്റംബർ 16ന് അർദ്ധരാത്രിയാണ് സിസ്റ്റർ അമല കൊലചെയ്യപ്പെട്ടത്. മഠത്തിൽ അതിക്രമിച്ചുകയറിയ പ്രതി കൈക്കോടാലി ഉപയോഗിച്ച് സിസ്റ്റർ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മറ്റൊരു കേസിൽ ശിക്ഷിക്കപ്പെട്ട് ഇയാൾ സെൻട്രൽ ജയിലിലാണ്. അറുപത്തഞ്ച് സാക്ഷികളെ വിസ്തരിച്ച കേസിൽ 87 രേഖകളും 24 തൊണ്ടിസാധനങ്ങളും ഹാജരാക്കിയിരുന്നു. 
പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാതെ ആയിരുന്നു വിചാരണ. 2015ൽ ഭരണങ്ങാനം അസീസി സ്‌നേഹഭവനിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിലാണ് സതീഷ് ബാബുവിനെ അഞ്ചു മാസം മുമ്ബ് പാലാ കോടതി ആറുവർഷം കഠിനതടവിന് ശിക്ഷിച്ചത്. 
പാലായിലെ സംഭവത്തിനുശേഷം കവിയൂർ, കുറുപ്പന്തറ, കുറവിലങ്ങാട്, എറണാകുളം എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ സതീഷ് ബാബു ഒടുവിൽ ഫോൺ ഉപേക്ഷിച്ച് ഉത്തരേന്ത്യയിലേക്ക് കടന്നു. പിന്നീട് കേരള പോലീസിന്റെ ആവശ്യപ്രകാരം പ്രതിയെ ഹരിദ്വാറിലെ ആശ്രമത്തിൽ നിന്ന് ഉത്തരാഖണ്ഡ് പോലീസ് പിടികൂടി കേരളാ പോലീസിന് കൈമാറുകയായിരുന്നു. 
വ്യാഴാഴ്ച ശിക്ഷ സംബന്ധിച്ച് ഇരുവിഭാഗത്തിൻറെയും വാദം കോടതി കേട്ടിരുന്നു. കൊലപാതകം, മാനഭംഗം, ഭവനഭേദനം തുടങ്ങിയ ഗുരുതര കുറ്റങ്ങൾ ചെയ്ത പ്രതിക്ക് ആജീവനാന്ത തടവ് ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ പ്രായം, അമ്മയുടെ വാർധക്യം, മകൻറെ സംരക്ഷണം എന്നിവ പരിഗണിച്ച് ശിക്ഷയിൽ കുറവുണ്ടാകണമെന്ന് പ്രതിഭാഗവും വാദിച്ചിരുന്നു. വാദങ്ങൾ കേട്ട കോടതി ശിക്ഷാവിധി ഇന്നത്തേക്കു മാറ്റുകയായിരുന്നു. പാലാ അഡീഷണൽ ജില്ലാ സെക്ഷൻസ് കോടതിയിലാണ് കേസ്.
2015 സെപ്റ്റംബർ 16ന് അർധരാത്രിയാണ് മഠത്തിലെ മുറിയിൽ സിസ്റ്റർ അമല കൊല ചെയ്യപ്പെട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments