8.15ന് വിളിച്ചുണർത്തണമെന്ന് പറഞ്ഞ് കിടന്നുറങ്ങി..! വീട്ടുകാർ വിളിച്ചത് 8.30ന്; വൈകിയതിന്റെ പേരിൽ തർക്കം..! മദ്യപിച്ചെത്തിയ മകൻ അച്ഛനെ മർദ്ദിച്ചു കൊലപ്പെടുത്തി
സ്വന്തം ലേഖകൻ
ചേർപ്പ് (തൃശ്ശൂർ): ഉറക്കത്തിൽ നിന്ന് ഉണർത്താൻ താമസിച്ചതിന് മകൻ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി. ആര്യംപാടം ചിറമ്മൽ ജോയ്(60) ആണ് കൊല്ലപ്പെട്ടത്. മകൻ റിജോ(25)യെ ചേർപ്പ് പോലീസ് അറസ്റ്റുചെയ്തു.
തൃശ്ശൂർ കോടന്നൂരിൽ വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. റിജോയെ ഉറക്കത്തിൽനിന്ന് വിളിച്ചുണർത്താത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്ഥിരമായി മദ്യപിക്കുന്ന റിജോ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടിലെത്തി ഉറങ്ങി.8.15ന് വിളിച്ചുണർത്തണമെന്ന് പറഞ്ഞാണ് റിജോ ഉറങ്ങാൻ കിടന്നത്. എന്നാൽ ഉണർത്തിയത് 8.30ന്. ഇതേ ചൊല്ലിയുള്ള തർക്കമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചത്.
ഉണർത്തിയില്ലെന്ന കാരണം പറഞ്ഞ് ജോയിയുമായി തർക്കത്തിലായി. ജോയിയെ കൈകൊണ്ടിടിച്ച് താഴെയിടുകയും തലപിടിച്ച് നിലത്തിടിക്കുകയും ചെയ്തു. ജോയിയെ തൃശ്ശൂർ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അച്ഛനെ മർദിച്ച വിവരം റിജോതന്നെയാണ് ചേർപ്പ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. മൃതദേഹം ജനറൽ ആശുപത്രിയിലാണ്. റീനയാണ് ജോയിയുടെ ഭാര്യ. മകൾ: അലീന.