നാഗർകോവിലിലെ ഇരട്ടക്കൊലപാതകം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി വിവാഹം കഴിഞ്ഞ് സ്വസ്ഥ ജീവിതം ; 17 വർഷത്തിനുശേഷം പൊലീസ് പിടിയിൽ !
സ്വന്തം ലേഖകൻ
മലപ്പുറം: നാഗർകോവിലിലെ ഇരട്ടക്കൊലപാതക കേസിൽ മുങ്ങിയ പ്രതി 17 വർഷങ്ങൾക്ക് ശേഷം പിടിയിൽ . തമിഴ്നാട് തിരുനെൽവേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദി(48)നെയാണ് പൂക്കോട്ടുംപാടം ചുള്ളിയോട് നിന്ന് പൊലീസ് പിടികൂടിയത്.
2005 -ൽ കന്യാകുമാരി – നാഗർകോവിലിൽ ഭൂത പാണ്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടു മുതലാളിമാർ തമ്മിലുള്ള ബിസിനസ് തർക്കത്തിന്റെ പേരിൽ നടന്ന അടിപിടിയിൽ ഒരു വിഭാഗം എതിർവിഭാഗത്തിലെ രണ്ടുപേരെ ഒരേ ദിവസം രണ്ട് സ്ഥലത്തായി വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസിലൊന്നിൽ മൂന്നാം പ്രതിയും മറ്റൊന്നിൽ ആറാം പ്രതിയുമായി പിടിയിലായി നാഗർകോവിൽ ജയിലിൽ കഴിയവേ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയാണ് ഇപ്പോള്‍ പിടിയിലായത്. ജാമ്യത്തിലിറങ്ങിയ പ്രതി വർഷങ്ങൾക്ക് മുമ്പ് ചുള്ളിയോട് നിന്ന് വിവാഹം കഴിച്ച് ടാപ്പിംഗ് ജോലി ചെയ്ത് കുടുംബ സമേതം ചുള്ളിയോട് രഹസ്യമായി കഴിയുകയായിരുന്നു. ഇതിനിടെ വിദേശത്തേക്കും ജോലി തേടി പോയിരുന്നു.
അടുത്തിടെയാണ് ഇയാള്‍ പ്രവാസ ജീവിതം മതിയാക്കി തിരിച്ച് നാട്ടിലെത്തിയത്. ഇതിനിടെ പ്രതിയുടെ മുൻകാല ക്രിമിനൽ പാശ്ചാത്തലത്തെ കുറിച്ച് പൂക്കോട്ടുപാടം ഇൻസ്‌പെക്ടർ സുകുമാരന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് എസ് ഐമാരായ എം അസ്സൈനാർ, ശശികുമാർ, എ എസ് ഐമാരായ ശ്യാംകുമാർ സൂര്യകുമാർ, അജീഷ്, ലിജിഷ്, നൗഷാദ് എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.