
സ്വന്തം ലേഖിക
തിരുവനന്തപുരം: കഴക്കൂട്ടത്ത് ഗൃഹനാഥനെ ചവിട്ടി കൊലപ്പെടുത്തിയത് ആക്രിക്കച്ചവടക്കാരനായ ഒറ്റക്കയ്യനാണെന്ന് പൊലീസ്.
പ്രതിയുടെ ചിത്രം പൊലീസിന് ലഭിച്ചു. നെട്ടയകോണം സ്വദേശി ഭുവനചന്ദ്രനെ (65) ആണ് വാക്കുതര്‍ക്കത്തിനിടെ കൊലപ്പെടുത്തിയത്.
പ്രതി കൊല്ലം സ്വദേശിയാണെന്നും പൊലീസ് വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴക്കൂട്ടത്ത് ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. ഭുവനചന്ദ്രന്‍ ഒരു വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു. ഈ വീടിന് സമീപമുള്ള കടയില്‍ മറ്റൊരാളുമായി സംസാരിക്കുന്നതിനിടെയാണ് ആക്രിക്കാരനുമായി തര്‍ക്കമുണ്ടായത്.
ഭുവനചന്ദ്രന്‍ നില്‍ക്കുന്നതിന് സമീപത്തായി ആക്രിക്കാരന്‍ തുപ്പിയത് ചോദ്യംചെയ്തതോടെയാണ് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതെന്ന് ദൃക്സാക്ഷി പറഞ്ഞു. തര്‍ക്കത്തിനിടെ ആക്രിക്കാരന്‍ ഭുവനചന്ദ്രന്റെ വയറിന് അടിഭാഗത്തായി ചവിട്ടുകയായിരുന്നു. ശക്തമായ ചവിട്ടേറ്റ് നിലത്തുവീണ ഭുവനചന്ദ്രനെ ചുറ്റുംകൂടിയ ആളുകളാണ് കഴക്കൂട്ടത്തെ ഒരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രയിലും പ്രവേശിച്ചു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്. ഭുവനചന്ദ്രന്‍ നേരത്തെ കരളിന് ശസ്ത്രക്രിയ കഴിഞ്ഞ് തുടര്‍ചികിത്സയിലായിരുന്നു.
വയറിനേറ്റ ചവിട്ട് ആന്തരിക രക്തസ്രാവത്തിന് കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തുപ്പിയത് ചോദ്യം ചെയ്തതിനാണ് ഭുവനചന്ദ്രനെ ആക്രിക്കാരന്‍ ചവിട്ടിയതെന്ന് സംഘര്‍ഷം നേരില്‍ക്കണ്ട കരിക്കുവില്‍പ്പനക്കാരന്‍ ശ്രീകുമാര്‍ പറയുന്നു.
താനും ഭുവനചന്ദ്രനും സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് ആക്രിക്കച്ചവടക്കാരന്‍ നടന്നുവരുകയും അടുത്തുനിന്ന് തുപ്പുകയും ചെയ്തത്. ഇത് ഭുവനചന്ദ്രന്‍ ചോദ്യംചെയ്തു. തുടര്‍ന്ന് രണ്ടുപേരും വാക്കേറ്റമായി. ആക്രിക്കച്ചവടക്കാരന്‍ ഭുവനചന്ദ്രനെ അസഭ്യം പറഞ്ഞു.
തുടര്‍ന്ന് കുറച്ചു മുന്നോട്ടുമാറി. പോകാനെന്ന ഭാവേന മാറിനിന്നശേഷം ചാടി ഭുവനചന്ദ്രന്റെ നാഭിക്ക് ചവിട്ടുകയായിരുന്നുവെന്നും ശ്രീകുമാര്‍ പറയുന്നു. കുഴഞ്ഞുവീണ ഭുവനചന്ദ്രനെ കസേരയില്‍ ഇരുത്തി വെള്ളം കൊടുത്തു. സമീപത്തെ വീട്ടില്‍ ജോലിചെയ്തിരുന്ന അദ്ദേഹത്തിന്റെ ഭാര്യ വന്നു. കുറച്ചു മാറി പോലീസ് ജീപ്പ് ഉണ്ടായിരുന്നു. അവിടെച്ചെന്ന് കാര്യം പറഞ്ഞ ശേഷമാണ് ഭാര്യ ഭുവനചന്ദ്രനെയും കൊണ്ട് ആശുപത്രിയിലേക്കു പോയത്. പിന്നീട് മരിച്ചെന്ന വിവരമെത്തുകയായിരുന്നു -ശ്രീകുമാര്‍ പറഞ്ഞു.