പശുക്കടത്ത് ആരോപിച്ച് യുവാക്കളെ ചുട്ടുകൊന്ന സംഭവം; ടാക്സി ഡ്രൈവര്‍ പോലീസ് പിടിയിൽ
സ്വന്തം ലേഖകൻ
ജയ്പൂര്‍:പശുക്കടത്താരോപിച്ച് രാജസ്ഥാനില്‍ നിന്നുള്ള രണ്ട് മുസ്ലീം യുവാക്കളെ ചുട്ടുകൊന്ന സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
ടാക്സി ഡ്രൈവറായ ഹരിയാന സ്വദേശി റിങ്കു സൈനി എന്നയാളാണ് അറസ്റ്റിലായത്. പ്രതികളായ അഞ്ച് പേരില്‍ ഒരാളാണ് സൈനി.കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബങ്ങള്‍ നല്‍കിയ പരാതിയില്‍ അഞ്ച് പേരെ പരാമര്‍ശിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജസ്ഥാനിലെ ഭരത്പൂര്‍ ജില്ലയിലെ ഘട്മീക ഗ്രാമത്തിലെ താമസക്കാരായ നസീര്‍ (25), ജുനൈദ് എന്ന ജുന (35) എന്നിവരെയാണ് ബുധനാഴ്ച തട്ടിക്കൊണ്ടുപോയതും പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തിയതും. വ്യാഴാഴ്ച രാവിലെ ഹരിയാനയിലെ ഭിവാനിയിലെ ലോഹരുവിലാണ് കത്തിക്കരിഞ്ഞ ബൊലേറോ എസ്‌യുവിക്കുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തില്‍ അനില്‍, ശ്രീകാന്ത്, റിങ്കു സൈനി, ലോകേഷ് സിംഗ്ല, മോഹിത് യാദവ് എന്ന മോനു മനേസര്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി രാജസ്ഥാന്‍ പൊലീസ് ഓഫീസര്‍ ശ്യാം സിംഗ് പറഞ്ഞു.
കൊല്ലപ്പെട്ട യുവാക്കളെ ബുധനാഴ്ച രാജസ്ഥാനില്‍ നിന്ന് അജ്ഞാതര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ അസീന്‍ ഖാന്‍ എന്നയാളാണ്.കൊല്ലപ്പെട്ടവരുടെ പരിചയക്കാരനാണ് ഇയാള്‍. കൊല്ലപ്പെട്ട ജുനൈദിനെതിരെ അഞ്ചോളം അനധികൃത പശുക്കടത്ത് കേസുകള്‍ ഉണ്ട്.നസീറിന് ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ല.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് കൊലപാതകത്തെ അപലപിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ഒരു പ്രതിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.