അയല്‍വാസികള്‍ തമ്മിലുള്ള വ്യക്തിവിരോധം കൊലപാതകത്തിലേക്ക് നയിച്ചു; നാടൻതോക്ക് ഉപയോ​ഗിച്ച് യുവാവിനെ വെടിവെച്ചുകൊലപ്പെടുത്തി; പ്രതി കുറ്റക്കാരനെന്ന് കോടതി; കേസിൽ 6 വർഷത്തിന് ശേഷം കോടതി ഇന്ന് വിധി പറയും

Spread the love

കല്‍പ്പറ്റ: യുവാവിനെ വെടിവെച്ചുകൊലപ്പെടുത്തിയ കേസില്‍ പ്രതി ഷാര്‍ലി (47) കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി. പുല്‍പ്പള്ളി സ്വദേശി നിധിന്‍ പത്മനാഭനെ കൊലപ്പെടുത്തുകയും നിധിന്‍റെ പിതൃസഹോദരന്‍ കിഷോറിനെ വെടിവെച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌ത കേസിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

കേസില്‍ ഇന്ന് വിധി പറയും. 2019 മെയ് 24ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. അയല്‍വാസികള്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് നാടന്‍ തോക്ക് ഉപയോഗിച്ചുള്ള കൊലപാതകത്തിലേക്ക് നയിച്ചത്. നെഞ്ചിന് വെടിയേറ്റ നിധിന്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ കിഷോര്‍ കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയിലൂടെയാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്.

ആക്രമണത്തിന് ശേഷം കാട്ടില്‍ കയറി ഒളിച്ച പ്രതിയെ അന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് പൊലീസ് പിടികൂടിയത്. വലിയ പ്രഹരശേഷിയുള്ള നാടന്‍തോക്ക് ഉപയോഗിച്ചാണ് പ്രതി ആക്രമണം നടത്തിയതെന്ന് കണ്ടെത്തി. കേസില്‍ കോടതി 36 സാക്ഷികളെ വിസ്തരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടന്‍തോക്ക്, തിര തുടങ്ങിയവ തെളിവായി പരിശോധിച്ചു. സാക്ഷിമൊഴികള്‍ക്ക് പുറമെ സയന്‍റിഫിക് ബാലിസ്റ്റിക് തെളിവുകളും നിര്‍ണായകമായി. അതേസമയം, അന്ന് ഗുരുതരപരിക്കേറ്റ രണ്ടാംസാക്ഷി കൂടിയായ കിഷോര്‍ ഇപ്പോഴും ശരീരക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാണ് ജീവിക്കുന്നതെന്ന് പറയുന്നു. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡര്‍ ആന്‍ഡ് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. അഭിലാഷ് ഹാജരായി.