കൊലക്കേസ് അന്വേഷണത്തിൽ ഹാട്രിക്കും കടന്ന് സി.ഐ എ.ജെ തോമസ്: തുടർച്ചയായി അഞ്ചാം കൊലപാതകക്കേസിലും പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്; കേസുകളിൽ നിർണ്ണായകമായത് ആ അദൃശ്യ തെളിവുകൾ
സ്വന്തം ലേഖകൻ
കോട്ടയം: നിർണ്ണായകമായ ആ അദൃശ്യ തെളിവുകളിൽ പിടിച്ചു കയറി കേസുകൾ തെളിയിച്ച സി.ഐ എ.ജെ തോമസിന് കൊലക്കേസ് അന്വേഷണത്തിൽ ഹാട്രിക്കും കടന്ന തിളക്കം.
ഏറ്റുമാനൂർ സി.ഐ എ.ജെ തോമസ് അന്വേഷിച്ച തുടർച്ചയായ അഞ്ചാമത്തെ കേസിലാണ് പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നത്. അന്വേഷണ മികവിന്റെ തിളങ്ങുന്ന സാക്ഷ്യപത്രമായി കൊലക്കേസിൽ പ്രതികൾക്ക് ലഭിച്ച ശിക്ഷ. എല്ലാ കേസുകളും തെളിഞ്ഞത് അദൃശ്യമായ നിർണ്ണായക തെളിവിലൂടെയാണെന്നത് കേസുകൾക്ക് കൂടുതൽ മിഴിവേകുന്നു. കോട്ടയം ഈസ്റ്റ്, വെസ്റ്റ് സി.ഐ ആയിരിക്കെയാണ് ഈ കേസുകളെല്ലാം ഇദ്ദേഹം അന്വേഷിച്ച് പ്രതികളെ പിടികൂടിയത്.
2015 ഫെബ്രുവരി 26 ന് മെഡിക്കൽ കോളേജ് ആശുപത്രിയ്ക്ക് സമീപത്തെ കപ്പക്കാട്ടിൽ സിന്ധുവെന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമെന്ന് പൊലീസ് കരുതിയ കേസിൽ നിർണ്ണായകമായത് യുവതിയുടെ ചുണ്ടിന് അടിയിലുണ്ടായ മുറിവായിരുന്നു. ഈ മുറിവ് കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിൽ യുവതിയുടെ ഒപ്പം താമസിച്ചിരുന്ന ഗോപേഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയ്ക്ക് ജീവപര്യന്തം കഠിനതടവും, 25,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. സാഹചര്യത്തെളിവുകളും, വിരലടയാളവും നിർണ്ണായകമായ കേസിൽ, കൊലപാതകമാണെന്ന ആദ്യ സൂചന ലഭിച്ചത് മരിച്ച സിന്ധുവിന്റെ ചുണ്ടിലുണ്ടായിരുന്ന ആ അദൃശ്യ തെളിവ് പൊലീസ് കണ്ടെത്തിയതാണ് കേസിൽ നിർണ്ണായകമായത്.
പൊലീസിനെ തെറ്റിധരിപ്പിക്കാൻ പുരുഷ വേഷം ധരിച്ചെത്തിയ ലൈംഗിക തൊഴിലാളിയായ രാധയെ കുടുക്കിയത് നീളൻമുടിയായിരുന്നു. ലൈംഗിക തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് നഗരമധ്യത്തിലെ കാട് പിടിച്ച പുരയിടത്തിൽ 2014 ജനുവരി ഒന്നിനാണ് ളാഹ സ്വദേശിയായ ശാലിനിയെ തിരുവനന്തപുരം സ്വദേശിയായ രാധ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയത്. മുണ്ടും ഷർട്ടും ധരിച്ച് നീളൻമുടിയുമായി എത്തിയ രാധയുടെ നീളൻ മുടിയുടെ കഥ പറഞ്ഞത് ശാലിനിക്കൊപ്പം ആക്രമണമുണ്ടാകുന്ന സമയത്തുണ്ടായിരുന്ന ഇടപാടുകാരനായിരുന്നു. ഈ തുമ്പിന്റെ കൈപിടിച്ച് പൊലീസ് കോടതി വരെ എത്തിയപ്പോൾ രാധയ്ക്ക് ലഭിച്ചത് ഇരട്ട ജീവപര്യന്തം കഠിനതടവ്. കൊലപാതകത്തിന് ഇരട്ട ജീവപര്യന്തവും, ആസിഡ് ആക്രമണത്തിന് പത്തു വർഷം കഠിനതടവും 65,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
അടുത്ത ബന്ധുവായ വിരുന്നുകാരൻ വീട്ടിലെത്തിയപ്പോൾ അടുക്കളയിൽ കഴുകി വച്ചിരുന്ന കപ്പും സോസറുമാണ് നാഗമ്പടം തങ്കമ്മ വധക്കേസിൽ നിർണ്ണായമായത്. അടുപ്പമുള്ള ബന്ധുക്കൾ മാത്രം എത്തുമ്പോഴാണ് തങ്കമ്മ കപ്പിലും സോസറിലും ചായ നൽകുന്നതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് വീട്ടിലെത്തിയ ആളുകളെപ്പറ്റി അന്വേഷിച്ചപ്പോഴാണ് മോഷണത്തിനായി കൊലപാതകം നടത്തിയ സാജനെ പിടികൂടിയത്. കേസിൽ സാജന് ജീവപര്യന്തം കഠിനതടവാണ് കോടതി വിധിച്ചത്.
ഏറ്റവും ഒടുവിൽ കഞ്ഞിക്കുഴിയിലെ ലോഡ്ജിൽ വെൽഡിംങ് തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയ്ക്ക് കൂടി ജീവപര്യന്തം ശിക്ഷ ലഭിച്ചതോടെ ഇദ്ദേഹം അന്വേഷിച്ച തുടർച്ചയായ അഞ്ചാാമത്തെ കേസിലാണ് ഇപ്പോൾ ജീവപര്യന്തം ശിക്ഷാവിധിയുണ്ടാകുന്നത്. കുമരകത്ത് വയോധികനെ അടിച്ചു കൊന്ന കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചതും, യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ റോബിൻ ലോറൻസിനെ 20 വർഷം കഠിന തടവിന് ശിക്ഷിച്ചതും നിരവധി കഞ്ചാവ് മോഷണക്കേസ് പ്രതികൾക്ക് ശിക്ഷ വാങ്ങി നൽകാൻ സാധിച്ചതും ഇദ്ദേഹത്തിന്റെ അന്വേഷണ മികവ് അരക്കിട്ടുറപ്പിക്കുന്നതായി.