
അനധികൃത കുടിയേറ്റക്കാരില്‍ കൊലക്കേസ് പ്രതികളും; അമൃത്‌സറിലെത്തിയ രണ്ട് യുവാക്കള്‍ പിടിയില്‍
അമൃത്‌സർ: അനധികൃത കുടിയേറ്റത്തെ തുടർന്ന് അമേരിക്ക രണ്ടാം ഘട്ടത്തില്‍ നാടുകടത്തിയ രണ്ട് ഇന്ത്യൻ യുവാക്കളെ കൊലപാതക കേസില്‍ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി അമൃത്‌സർ വിമാനത്താവളത്തില്‍ അമേരിക്കയുടെ സി17 സൈനിക വിമാനത്തില്‍ എത്തിയ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കൊലപാതകക്കേസിലാണ് രാജ്‌പുര സ്വദേശികള്‍ പിടിയിലായത്.
സണ്ണി എന്ന സന്ദീപ് സിംഗ്, പ്രദീപ് സിംഗ് എന്നിവരെ അറസ്റ്റ് ചെയ്തതായി സീനിയർ പൊലീസ് സൂപ്രണ്ട് (എസ്‌എസ്‌പി) നാനക് സിംഗ് അറിയിച്ചു. രാജ്പുര പൊലീസ് സ്‌റ്റേഷനിലെ എസ്‌എച്ച്‌ഒയുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച അമൃത്‌സർ വിമാനത്താവളത്തിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടുകടത്തപ്പെട്ട് അമൃത്‌സറിലെത്തുന്ന ഇന്ത്യക്കാരുടെ കൂട്ടത്തില്‍ കൊലപാതകകേസില്‍ ഉള്‍പ്പെട്ടവരുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് കൃത്യമായി നടത്തിയ ഇടപ്പെടലിലൂടെയാണ് ഇവർ പിടിയിലായത്.