അബ്‌ദുള്‍ റഹീം ഭാര്യയെ കൊന്നത് മുന്‍കൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച്; രക്ഷപ്പെട്ടത് സ്കൂട്ടറില്‍; വീട്ടിൽ നിന്ന് കണ്ടെത്തിയ കത്തിൽ ഇയാള്‍ക്ക് ഭാര്യയെ സംശയമായിരുന്നെന്ന് വ്യക്തം; പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി
സ്വന്തം ലേഖിക
പാലോട്: പനങ്ങോട് പറങ്കിമാംവിള നവാസ് മന്‍സിലില്‍ നാസിലാ ബീവിയെ (42) കുത്തിക്കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമാണെന്ന നിഗമനത്തിലാണ് പൊലീസ്.
കേസില്‍ പ്രതിയായ ഭര്‍ത്താവ് അബ്ദുള്‍ റഹീമിനെ പിടികൂടാനുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കഴിഞ്ഞ ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അബ്ദുള്‍ റഹീം ഭാര്യയെ കുത്തിക്കൊന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊലപാതകത്തിന് ദിവസങ്ങള്‍ മുന്നേ ഇയാള്‍ കൊലയ്ക്കായുള്ള ആസൂത്രണം ആരംഭിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെടാന്‍ ഇയാള്‍ ഒരു ആക്ടിവ സ്കൂട്ടറും വാങ്ങിയിരുന്നു.
ബുധനാഴ്ച രാത്രി വൈകി വീട്ടിലെത്തിയ അബ്ദുള്‍ റഹീം ഭാര്യയ്ക്കും മകള്‍ക്കും മിഠായി നല്‍കിയിരുന്നു. മിഠായിയില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി സംശയമുണ്ട്.
നാസിലാ ബീവിക്ക് കഴുത്തിന് പിന്നിലും നെഞ്ചിലുമായി മൂന്നുകുത്തുകളാണേറ്റത്. മൂന്ന് തവണ കുത്തിയിട്ടും തൊട്ടടുത്ത് കിടന്നുറങ്ങിയ മകളോ വീട്ടിലുണ്ടായിരുന്ന മറ്റുള്ളവരോ സംഭവം അറിഞ്ഞില്ല. ഇതാണ് മിഠായിയില്‍ മയക്കുമരുന്ന് കലര്‍ത്തിയെന്ന സംശയത്തിന് കാരണം.
മരണം ഉറപ്പാക്കിയശേഷം പുലര്‍ച്ചെയാണ് ഇയാള്‍ സ്കൂട്ടറില്‍ രക്ഷപ്പെട്ടത്. ഇയാള്‍ക്ക് നോട്ടിരട്ടിപ്പ് സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നതായി സംശയിക്കുന്നുണ്ട്. കുറച്ചുകാലം മുന്‍പ് നോട്ടിരട്ടിപ്പ് സംഘത്തിലെ ചിലര്‍ ഇവരുടെ പറങ്കിമാംവിളയിലെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വീട്ടില്‍ നിന്ന് ഇയാളുടെ ഒരു കത്തും പോസ്റ്റോഫീസ് മുഖേന അയച്ച വേറൊരു കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്. കത്തില്‍ ഇയാള്‍ക്ക് ഭാര്യയെ സംശയമാണെന്ന് എഴുതിയിട്ടുണ്ട്. ഇവര്‍ക്ക് രണ്ടുമക്കളാണ്. അബ്ദുള്‍ റഹീമിന്റെ ഒരു ഫോണ്‍ സ്വിച്ച് ഓഫാണ്, മറ്റൊരു ഫോണും ബാഗും വീട്ടിലുണ്ട്.
തിരുവനന്തപുരം നഗരത്തിലെ ചില സിസിടിവിയില്‍ ഇയാള്‍ നടന്നുപോകുന്ന ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. രണ്ടുവര്‍ഷം മുന്‍പ് അബ്ദുള്‍ റഹീമിന് ലക്ഷങ്ങളുടെ ബാദ്ധ്യത ഉണ്ടായതായും തുടര്‍ന്ന് ഇയാള്‍ നാടുവിടുകയും മദ്യപാനത്തിന് അടിമയാകുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കളുടെ സഹായത്തോടെ തിരികെ വീട്ടിലെത്തിച്ച് മദ്യാസക്തിക്കെതിരെ ചികിത്സ നല്‍കിയിരുന്നു.
പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ പാലോട് പോലീസ് സ്റ്റേഷന്‍ ( O472 2840260 ), സി.ഐ ( 9497987023), എസ്.ഐ (9497980127) എന്നീ നമ്പരുകളില്‍ അറിയിക്കണമെന്ന് പൊലീസ് പറഞ്ഞു.