
50 പൈസയെ ചൊല്ലി തർക്കം ; ഹോട്ടലുടമയെ കുത്തിക്കൊന്നു ; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ ; കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്‌തതിന് ഏഴു വർഷം തടവും 50, 000 രൂപ പിഴയും
സ്വന്തം ലേഖകൻ
കൊച്ചി : എറണാകുളം പറവൂരിൽ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കടയിൽ അതിക്രമിച്ചു കയറി കുറ്റകൃത്യം ചെയ്‌തതിന് ഏഴു വർഷം തടവും 50, 000 /- രൂപ പിഴയും അടക്കണം. കേസില്‍ അനൂപിന്‍റെ രണ്ട് കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവ് ശിക്ഷ ലഭിച്ചിരുന്നു.
2006 ജനുവരി പതിനേഴിനായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ രണ്ടാം പ്രതിയായ സബീർ എന്നയാൾ സന്തോഷ് നടത്തി വന്നിരുന്ന പറവൂർ ചേന്ദമംഗലം ജംഗ്ഷനിലെ മിയാമി റസ്റ്റോറന്റിൽ ചായ ആവശ്യപ്പെടുകയും, ചായ കുടിച്ചതിനു ശേഷം രണ്ടു രൂപ കൊടുക്കുകയും ചെയ്തു. ചായയുടെ വില രണ്ടര രൂപയാണെന്നും 50 പൈസ കൂടി വേണം എന്നും പറഞ്ഞ സന്തോഷിനോട് സബീർ തർക്കിക്കുകയും 100 രൂപ നോട്ട് എറിഞ്ഞു കൊടുക്കുകയുമായിരുന്നു. ശേഷം അവിടെ നിന്ന് പോയ സബീർ സുഹൃത്തുകളായ അനൂപ്, ഷിനോജ്, സുരേഷ്, എന്നിവരെയും കൂട്ടി സംഭവസ്ഥലത്തെത്തി സന്തോഷിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടും മൂന്നും പ്രതികളായ സബീറിനെയും ഷിനോജിനെയും ഏഴു വർഷം കഠിന തടവിനു കോടതി ശിക്ഷിച്ചിരുന്നു. നാലാം പ്രതി സുരേഷിനെ നിരപരാധിയായി കണ്ട് വിട്ടയച്ചു. ആദ്യവിചാരണ സമയത്ത് ഒന്നാംപ്രതി അനൂപ് ഒളിവിൽ ആയിരുന്നതിനാൽ അയാൾക്കെതിരെയുള്ള കേസ് വേർപെടുത്തിയാണ് അന്ന് വിചാരണ നടത്തിയത്.
ഒളിവിൽ പോയതിനുശേഷം എൻഐഎ കേസിൽ അനൂപ് പ്രതിയാക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ആയിരുന്നു. സന്തോഷിന്റെ മരണത്തിനുകാരണമായ മുറിവേൽപ്പിച്ച അനൂപ് കൊലക്കുറ്റം ചെയ്‌തയായി കണ്ടെത്തിയാണ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.