സിപിഎമ്മിൽ ചേർന്നവരെല്ലാം ഗുണ്ടകളോ…?സിപിഎമ്മിൽ ചേർന്നത് ഒളിവിലായ പ്രതി, ശരൺ ചന്ദ്രനൊപ്പം പാർട്ടിയിൽ ചേർന്ന സുധീഷ് പോലീസ് രേഖകളിൽ ഇപ്പോഴും ഒളിവിൽ, എസ്എഫ്ഐ അനുഭാവികളായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലാം പ്രതി, പ്രതിരോധത്തിലായി സിപിഎം, വിശദമായി പരിശോധിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം
പത്തനംതിട്ട: കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎമ്മിൽ ചേർന്നവരിൽ പോലീസ് രേഖകളിൽ എസ്എഫ്ഐ അനുഭാവികൾക്കെതിരായ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും.
കാപ്പ കേസിലുൾപ്പെടെ പ്രതിയായിരുന്ന മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനൊപ്പം സിപിഎമ്മിൽ ചേർന്ന സുധീഷ് പോലീസ് രേഖകളിൽ ഇപ്പോഴും ഒളിവിലാണ്.
കഴിഞ്ഞ നവംബറിൽ സിനിമ കണ്ടു മടങ്ങിയ എസ്എഫ്ഐ അനുഭാവികളായ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിലെ നാലാം പ്രതിയാണ് സുധീഷ്. ശരൺ ചന്ദ്രനാണ് ഒന്നാം പ്രതി. ശരൺ ഈ കേസിൽ ജാമ്യമെടുത്തിരുന്നു. നാലാം പ്രതിയായ സുധീഷ് ഒളിവിൽ ആണെന്നാണ് പോലീസ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സിനിമ കണ്ട് കോഴഞ്ചേരിയിലേക്കു മടങ്ങും വഴി എസ്എഫ്ഐ അനുഭാവികളായ 2 യുവാക്കൾ കാർ നിർത്തി സെൽഫി എടുക്കുന്നതു കണ്ട് ശരൺചന്ദ്രനും സുധീഷുമടക്കമുള്ള സംഘം പ്രശ്നമുണ്ടാക്കുകയായിരുന്നു.
ഇടിവള ഉപയോഗിച്ച് മർദിച്ചെന്നും കാറിൽ കയറ്റി വശങ്ങളിൽ ഇടിപ്പിച്ചെന്നും മറ്റാളുകൾ വന്നില്ലായിരുന്നെങ്കിൽ മരണം പോലുമുണ്ടായേനെയെന്നും എഫ്ഐആറിൽ പറയുന്നുണ്ട്. 8 പ്രതികളാണ് ഈ കേസിലുള്ളത്.
ബിജെപിയിൽ നിന്ന് 60ലേറെ പ്രവർത്തകർ വർഗീയത ഉപേക്ഷിച്ച് തങ്ങൾക്കൊപ്പം ചേരുന്നു എന്നാണ് സിപിഎം അവകാശപ്പെട്ടത്. ഇതിലൊരാൾ കഞ്ചാവുമായി പിടിയിലായപ്പോൾ എക്സൈസിന്റെ ഗൂഢാലോചനയെന്ന് സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു.
തുടർച്ചയായി വിമർശനങ്ങൾ ഉയർന്നതോടെ സിപിഎം പ്രതിരോധത്തിലായി. സ്വീകരിച്ച എല്ലാവരെയും അറിയില്ലെന്നും വിശദമായി പരിശോധിക്കണമെന്നുമാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിശദീകരണം. ആകെ 62 പേരാണ് കാപ്പ കേസ് പ്രതിക്കൊപ്പം കഴിഞ്ഞ വെള്ളിയാഴ്ച സിപിഎമ്മിൽ എത്തിയത്.