
കറുകച്ചാൽ : യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ ഇടയിരിക്കപ്പുഴ മണ്ണുപുരയിടം ഒറ്റപ്ലാക്കൽ വീട്ടിൽ രാഹുൽ പ്രസാദ് (23), കങ്ങഴ ഇലയ്ക്കാട് നടുവിലേടത്ത് വീട്ടിൽ നൗഫൽ.എൻ (27) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞദിവസം രാത്രിയിൽ ഭാര്യയും കുഞ്ഞുമായി ബൈക്കിൽ പോവുകയായിരുന്ന കങ്ങഴ സ്വദേശിയായ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
യുവാവും കുടുംബവും വരുന്ന സമയത്ത് ഇവർ റോഡിൽ പടക്കം പൊട്ടിക്കുന്നത് കണ്ട് യുവാവ് ബൈക്ക് നിർത്തുകയായിരുന്നു. ഇതു കണ്ട ഇവർ യുവാവിന്റെ ഭാര്യയെ ചീത്ത വിളിച്ചത് യുവാവ് ചോദ്യം ചെയ്തതിനെ തുടർന്ന് ഇവർ യുവാവിനെ സംഘം ചേർന്ന് ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും, ബൈക്കിൽ ഉപയോഗിക്കുന്ന ചെയിൻ സോക്കറ്റിന്റെ പകുതി മുറിച്ച മുനയുള്ള ഭാഗം ഉപയോഗിച്ച് യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ഇതു കണ്ട് തടയാൻ ശ്രമിച്ച യുവാവിന്റെ സഹോദരനെയും ഇവർ ആക്രമിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇരുവരെയും പിടികൂടുകയുമായിരുന്നു.
കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ്, എസ്.ഐ വിജയകുമാർ, സി.പി.ഓ മാരായ വിവേക്, ഡെന്നി, രഞ്ജിത്ത്, ബ്രിജിത്ത് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രാഹുൽ പ്രസാദിന് മണിമല സ്റ്റേഷനിലും, നൗഫലിന് കറുകച്ചാൽ സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കി.