
മരണവീട്ടില്‍ വാക്കുതര്‍ക്കം; അയല്‍വാസികളെയും പോലീസിനെയും ആക്രമിച്ചു; മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
ഹരിപ്പാട്: മരണവീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ അയല്‍വാസികളെയും പിന്നീട്, പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച കേസില്‍ മൂന്നുയുവാക്കള്‍ അറസ്റ്റിലായി.
ആലപ്പാട് അഴീക്കല്‍ ധര്‍മപുരി വീട്ടില്‍ ആകാശ് (24), ചേപ്പാട് കൊയ്പള്ളില്‍ വീട്ടില്‍ ആദിത്യൻ (യദുകൃഷ്ണൻ-24), കായംകുളം കീരിക്കാട് തെക്ക് തൈശ്ശേരിയില്‍ പടീറ്റതില്‍ സൂര്യജിത്ത് (കുഞ്ചു-24) എന്നിവരെയാണ് കരീലക്കുളങ്ങര പോലീസ് പിടികൂടിയത്.
സംഭവത്തില്‍ അയല്‍വാസികളായ രണ്ടുപേര്‍ക്കു പരിക്കേറ്റു. പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും ജീപ്പിനു കേടുവരുത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചേപ്പാട് കൊയ്പള്ളില്‍ തെക്കതില്‍ രാധമ്മയുടെ മരണാനന്തരച്ചടങ്ങിനെത്തിയ ബന്ധുക്കളായ യുവാക്കളാണ് അക്രമം കാട്ടിയത്. ചൊവ്വാഴ്ച രാത്രിയിലാണു സംഭവം. സംസ്കാരത്തിനു പിന്നാലെ ഇവര്‍ അയല്‍വാസികളുമായാണു തര്‍ക്കം തുടങ്ങിയത്.
അയല്‍വാസികളായ രാധാകൃഷ്ണൻ, വേണുഗോപാല്‍ എന്നിവരെ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. വിവരമറിഞ്ഞു പോലീസ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ അവര്‍ക്കുനേരേയായി പരാക്രമം. ബലംപ്രയോഗിച്ചാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
കരീലക്കുളങ്ങര സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ഏലിയാസ് പി. ജോര്‍ജിന്റെ നേതൃത്വത്തില്‍ എസ്.ഐ. ഷാജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, ശ്യാംകുമാര്‍, ശരത്കുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സലില്‍, വരുണ്‍ദേവ്, ഷമീര്‍ എസ്. മുഹമ്മദ്, ഉണ്ണിക്കൃഷ്ണൻ, അരുണ്‍, മനീഷ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.