video
play-sharp-fill

ചങ്ങനാശ്ശേരിയിൽ ബിവറേജസ് ഷോപ്പ് കേന്ദ്രമാക്കി ക്രിമിനല്‍ വിളയാട്ടം ; കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്നയാളെ മണ്‍വെട്ടികൊണ്ടു വെട്ടി പരിക്കേൽപ്പിച്ചു

ചങ്ങനാശ്ശേരിയിൽ ബിവറേജസ് ഷോപ്പ് കേന്ദ്രമാക്കി ക്രിമിനല്‍ വിളയാട്ടം ; കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്നയാളെ മണ്‍വെട്ടികൊണ്ടു വെട്ടി പരിക്കേൽപ്പിച്ചു

Spread the love

ചങ്ങനാശേരി : നഗരത്തിലെ ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ബിവറേജസ് ഷോപ്പ് കേന്ദ്രമാക്കി ക്രിമിനല്‍ സംഘത്തിൻറെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രി കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്നയാളെ മണ്‍വെട്ടികൊണ്ടു വെട്ടി കൊണ്ട് പരിക്കേൽപ്പിച്ചു. തൃക്കൊടിത്താനം സ്വദേശി അഷറഫി(68) നാണ് വെട്ടേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിൽ ആക്രി കച്ചവടക്കാരൻ കന്യാകുമാരി സ്വദേശി ദാസി (45)നെ ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 1.30നാണ് സംഭവം.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ: തൃക്കൊടിത്താനത്ത് ഇറച്ചിക്കട ജീവനക്കാരനായ അഷറഫും നഗരത്തില്‍ ആക്രി പെറുക്കുന്ന ദാസും കഴിഞ്ഞദിവസം മദ്യപിച്ചശേഷം വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിനുശേഷം മുനിസിപ്പല്‍ ആർക്കേഡിന് എതിർവശത്ത് റോഡരികിലെ കടത്തിണ്ണയില്‍ ഉറങ്ങിക്കിടന്ന അഷറഫിനെ ദാസ് മണ്‍വെട്ടിക്ക് വെട്ടി പരുക്കേല്‍പ്പിച്ചെന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തലയ്ക്കും നടുവിനും വാരിയെല്ലുകള്‍ക്കും മാരകമായ രീതിയില്‍ പരിക്കേറ്റ് കടത്തിണ്ണയില്‍ രക്തം വാർന്നൊഴുകിയ നിലയില്‍ കിടന്ന അഷറഫിനെ പോലീസെത്തി ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇയാൾ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം ഈ ബിവറേജസ് ഔട്ട്‌ലെറ്റ് കേന്ദ്രീകരിച്ച്‌ പിടിച്ചുപറി, ക്രിമിനല്‍, അക്രമി സംഘങ്ങളുടെ പ്രവർത്തനം ശക്തമാണെന്നും, ഇവിടെ മദ്യം വാങ്ങാനെത്തുന്നവർക്കും സമീപത്തെ വ്യാപാരികള്‍ക്കും ഈ ഭാഗത്തെ റോഡിലൂടെ സഞ്ചരിക്കുന്ന വിദ്യാർഥിനികളടക്കമുള്ള കാൽനട യാത്രക്കാർക്കും ഇത്തരം ആളുകൾ ഭീഷണിയാണന്നും ഇവർക്കെതിരെ നടപടികള്‍ സ്വീകരിക്കാൻ പോലീസ് തയാറാകുന്നില്ലെന്നുമാണ് നാട്ടുകാരുടെ പരാതി. ഇവിടെ ആറുമാസം മുൻപ് ക്രിമിനലുകളുടെ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു.