
സ്വന്തം ലേഖിക
കുറവിലങ്ങാട്: യുവാവിനെ വീട്ടിൽ കയറി കമ്പി വടിയും, ബിയർ കുപ്പിയും, വടിവാളും ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
അയർക്കുന്നം പുന്നത്തുറ ഭാഗത്ത് വാഴേപ്പറമ്പിൽ വീട്ടിൽ സോമൻ മകൻ അജിമോൻ സോമൻ (36) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളും സുഹൃത്തുക്കളും ചേർന്ന് ഈ മാസം ഒന്നാം തീയതി പട്ടിത്താനം ഭാഗത്തുള്ള യുവാവിന്റെ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വീട്ടിൽ അതിക്രമിച്ചു കടന്ന ഇവർ ബിയർ കുപ്പി കൊണ്ട് യുവാവിന്റെ തലക്കടിക്കുകയും, കമ്പിവടിയും, വടിവാളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
തുടർന്ന് ഇവർ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. യുവാവും പ്രതികളും തമ്മിൽ മുൻപ് വൈരാഗ്യം നിലനിന്നിരുന്നു ഇതിന്റെ തുടർച്ച യെന്നോണമാണ് ഇവർ വീട്ടിൽ കയറി ആക്രമിച്ചത്.
പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അക്രമികളിൽ ഒരാളായ അജിമോനെ ആർപ്പൂക്കരയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ സ്റ്റേഷനിൽ അടിപിടി കേസ് നിലവിലുണ്ട്.
കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്.ഓ നിർമൽ ബോസ്, എസ്.ഐ അനിൽകുമാർ, സാജു ലാൽ, എ.എസ്.ഐ ജോണി, സി.പി.ഓ നിയാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി. മറ്റു പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കിയതായി പോലീസ് പറഞ്ഞു.