രാത്രിയിൽ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കും; പാതിരാത്രി മക്കളെ കെട്ടിപ്പിടിച്ച് കരയും; സനൂപ് ഡിപ്രഷനിലായിരുന്നു; ഡോക്ടറെ വെട്ടിയ പ്രതിയുടെ ഭാര്യ

Spread the love

 

കോഴിക്കോട്: ഡോക്ടർ പി.ടി.വിപിനെതിരായ ആക്രമണത്തിൽ പ്രതികരണവുമായി പ്രതി സനൂപിന്റെ ഭാര്യ രംബീസ രംഗത്തെത്തി. ‘സനൂപ് പ്രതികരിച്ച രീതി ശരിയായില്ല. ജീവിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. നിയമപരമായി മുന്നോട്ടു നീങ്ങുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്.

മകളെ നേരത്തേ എത്തിച്ചെങ്കിൽ രക്ഷപ്പെട്ടേനെയെന്ന് മെഡിക്കൽ കോളജിലെ ഡോക്ടർ പറഞ്ഞു. ഇതു കേട്ട ശേഷം സനൂപ് ഡിപ്രഷനിലായി’ – രംബീസ പറഞ്ഞു. ബുധനാഴ്ചയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലെത്തി സനൂപ് ഡോക്ടറെ തലയ്ക്ക് വെട്ടിപ്പരിക്കേൽപ്പിച്ചത്.

സനൂപ് രാത്രിയിൽ ഉറക്കമില്ലാതെ വീടിനു ചുറ്റും നടക്കുമായിരുന്നു. പാതിരാത്രി പോലും മക്കളെ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. മകൾ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ചല്ലെന്ന് ഡോക്ടർമാർ അന്ന് പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നീട് മൊഴി മാറ്റുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ഇനി ഒറ്റയ്ക്ക് നിയമപോരാട്ടം നടത്തും. മകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് മുക്കുമോ എന്ന് സംശയിക്കുന്നു’ – രംബീസ മാധ്യമങ്ങളോട് പറഞ്ഞു.

സനൂപിന്റെ മകൾ അനയയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതുവരെ കിട്ടിയിട്ടില്ലെന്നും രാസപരിശോധനാ ഫലം വൈകുന്നതാണ് റിപ്പോർട്ട് വൈകാൻ കാരണമെന്നും ഡോക്ടർക്കു വെട്ടേറ്റ കേസ് അന്വേഷിക്കുന്ന താമരശ്ശേരി ഡിവൈഎസ്പി പി.ചന്ദ്രമോഹൻ അറിയിച്ചു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാക്കി സർട്ടിഫിക്കറ്റ് കിട്ടുകയുള്ളൂവെന്നും പൊലീസ് പറഞ്ഞു. അതേസമയം, അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല എന്ന തരത്തിൽ ഒരു റിപ്പോർട്ടും കിട്ടിയിട്ടില്ലെന്നു താമരശ്ശേരി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഗോപാലകൃഷ്ണൻ പറഞ്ഞു.

കുട്ടി മരിക്കാൻ കാരണം അമീബിക് മസ്തിഷ്ക ജ്വരം ആണെന്ന് കണ്ടെത്തിയില്ലെന്നാണ് പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതെന്ന് സനൂപിന്റെ ഭാര്യ രംബീസ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണം ആസൂത്രിത വധശ്രമമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ഗോപാലകൃഷ്ണൻ. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതിയായ സനൂപ് ആയുധവുമായി ആശുപത്രിയിൽ എത്തിയത്. അയാൾക്ക് പിന്നിൽ ആളുകളുണ്ട്. ഇൻ ചാർജ് ആയിരുന്ന താൻ സൂപ്രണ്ട് ആയി മൂന്നു ദിവസം മാത്രമേ ആയിട്ടുള്ളൂ.

സംഭവത്തിന് പിന്നിൽ ഒരു ലോബി പ്രവർത്തിക്കുന്നുണ്ടെന്നും തന്നെ സ്ഥലം മാറ്റാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഒരു സംഘടനാ നേതാവ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു

ഡോക്ടറെ വെട്ടിയ സംഭവം ചിലർ പൂത്തിരി കത്തിച്ച് ആഘോഷിച്ചു. ഇതിനു മുൻപ് കുട്ടി മരിച്ച സംഭവം ചർച്ച ചെയ്തു പരിഹരിച്ച ശേഷം ഒരു സംഘം ആശുപത്രി വളപ്പിൽ വാഴ വച്ച് പ്രതിഷേധിച്ചിരുന്നു. ഈ സംഭവങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ ഇത് സംബന്ധിച്ച് പരാതി നൽകിയതായും സൂപ്രണ്ട് അറിയിച്ചു.