വീണ്ടും കേരളത്തിൽ പ്രണയത്തിന്റെ പേരിലുള്ള ക്രൂരത: ദുരഭിമാനകൊലപാതക ശ്രമം പന്തളത്ത്; പ്രണയത്തിന്റെ പേരിൽ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി
തേർഡ് ഐ ക്രൈം
കൊല്ലം: സംസ്ഥാനത്ത് തുടർച്ചയായ ദുരഭിമാന കൊലപാതകങ്ങളും കൊലപാതക ശ്രമങ്ങളും നടക്കുന്നതിന്റെ ഞെട്ടലിൽ നാട്. കെവിനു ശേഷവും പാലക്കാട് കുഴൽ മന്ദത്ത് യുവാവിനെ വെട്ടിക്കൊന്നിട്ടും കേരളത്തിലെ പ്രണയത്തിൽ ജാതി കലർത്തുന്നത് അവസാനിക്കുന്നില്ലെന്നാണ് ഏറ്റവും ഒടുവിൽ പന്തളത്തു നിന്നും പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നത്.
പ്രണയത്തിന്റെ പേരിൽ യുവാവിനെ പെൺകുട്ടിയുടെ ബന്ധുവും സംഘവും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് പന്തളത്തു നിന്നുള്ള പരാതി വരുന്നത്. പന്തളം കുരമ്പാല ആതിരമല വല്ലാറ്റൂർ പടിഞ്ഞാറ്റേതിൽ കുഞ്ഞുമോളുടെ മകൻ അനീഷിനെ (21) പന്തളം സ്വദേശിയും സംഘവും മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് പരാതി. നവംബർ 25 ന് പറന്തലിലാണ് സംഭവം. വൈകുന്നേരം ആറിന് അനീഷും കൂട്ടുകാരും ബൈക്കിൽ വരുമ്പോൾ ഒരു സംഘം ബൈക്ക് തടഞ്ഞ് മർദ്ദിക്കുകയും സുഹൃത്തുക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മർദ്ദനമേറ്റ അനീഷിനെ വാഹനത്തിൽ കയറ്റി അടൂർ മിത്രപുരത്ത് ആളൊഴിഞ്ഞ ഭാഗത്ത് എത്തിച്ച് ആയുധങ്ങളും കല്ലും കൊണ്ട് ക്രൂരമായി വീണ്ടും ആക്രമിച്ചു. ഇത് നാട്ടുകാർ കണ്ടതോടെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ അനീഷിനെ ഉപേക്ഷിച്ച് പ്രതികൾ കടന്നു കളഞ്ഞു. അവിടെനിന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചതിനാൽ ജീവൻ നഷ്ടപ്പെട്ടില്ലെന്ന് അനീഷിന്റെ അമ്മ കുഞ്ഞുമോൾ പറഞ്ഞു. അനീഷിന്റെ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റു. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെടുകയും അബോധാവസ്ഥയിലാകുകയും ചെയ്തു.
ബോധം തിരികെ കിട്ടിയെങ്കിലും ഇന്നിപ്പോൾ ഏറെ ദയനീയാവസ്ഥയിലാണ്. ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. പരസഹായം കൂടാതെ ഒരു കാര്യവും ചെയ്യാനാകുന്നില്ല. പരാതിയിൽ പൊലീസ് ഇതേവരെ നടപടിയൊന്നും എടുത്തിട്ടില്ല.
ചെറുപ്പത്തിലെ ഭർത്താവ് ഉപേക്ഷിച്ച് പോയ കുഞ്ഞുമോൾ കഷ്ടപ്പെട്ടാണ് അനീഷിനെയും സഹോദരി അഞ്ജുവിനെയും വളർത്തിയത്. പ്രായപൂർത്തിയായതോടെ കൂലിപ്പണി ചെയ്താണ് അനീഷ് കുടുംബത്തെ സഹായിച്ചുവന്നത്. കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനമാർഗവും നിലച്ചു. പ്രതികൾക്കു സഹായകരമായ നിലപാടാണ് പൊലീസ് സ്വീകരിച്ചുവരുന്നതെന്ന് അനീഷിന്റെ മാതാവ് കുഞ്ഞുമോൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പിടികൂടിയ ബൈക്ക് പോലും വിട്ടുകൊടുത്തു. കൊടുമൺ പൊലീസാണ് കേസന്വേഷിക്കുന്നത്. പിടികൂടിയ പ്രധാന പ്രതിയെ ജാമ്യത്തിൽ വിട്ടിരുന്നു. അനീഷുമായി ഇഷ്ടത്തിലായ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതിലുള്ള പകയാകാം ആക്രമണത്തിനു പിന്നിലെന്ന് ബന്ധുക്കൾ പറഞ്ഞു. ആക്രമണമാണെന്ന് വ്യക്തമായ തെളിവുണ്ടായിട്ടും ബൈക്കിൽ നിന്നു വീണതാണെന്ന രീതിയിലാണ പൊലീസ് എഫ്ഐആർ തയാറാക്കിയിട്ടുള്ളതെന്ന് ഐഎൻഡിപി വൈസ് പ്രസിഡന്റ് മേലൂട് ഗോപാലകൃഷ്ണനും പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.