കൂട്ടുകാർ പറഞ്ഞത് പച്ചക്കള്ളം: നാട്ടുകാർ പറഞ്ഞ സത്യം കേട്ട് കോട്ടയം എസ്.പി ഞെട്ടി; അങ്ങിനെ ആ യുവാവിന്റെ മരണം കൊലപാതകമായി; മീൻ വേട്ടക്കാർ കുടുങ്ങി
ക്രൈം ഡെസ്‌ക്
എരുമേലി: യുവാവിന്റെ മരണം ഷോക്കേറ്റുള്ള സ്വാഭാവിക മരണമാക്കാൻ കൂട്ടുകാർ പറഞ്ഞത് പച്ചക്കളം. സ്വഭാവിക മരണമായി എഴുതിത്തള്ളുമായിരുന്ന ആ കൊലപാതകത്തെ പുറത്ത് എത്തിച്ചത് നാട്ടുകാരുടെ സത്യമായിരുന്നു. നാട്ടുകാർ പറഞ്ഞ സത്യം കേട്ട് ജില്ലാ പൊലീസ് മേധാവി ഹരിശങ്കറും ഞെട്ടി.
പിന്നെ, എല്ലാം പെട്ടന്നായിരുന്നു. സംഭവം പുറത്ത് വന്നതോടെ പ്രതികൾ നാലും അകത്തായി.
കഴിഞ്ഞ ദിവസമാണ് മുക്കൂട്ടുതറയിൽ കൊല്ലമുള എഴുപതേക്കർ കുമ്പളന്താനം സിനു മാത്യു (35) ഷോക്കേറ്റ് മരിച്ചത്. മോട്ടോർ നന്നാക്കുന്നതിനിടെ സിനു ഷോക്കേറ്റ്ു മരിച്ചു. ഇതായിരുന്നു വാർത്ത. മറ്റാർക്കും ഒന്നും അറിയില്ല. എല്ലാവരും സുഹൃത്തുക്കളുടെ വാക്ക് വിശ്വസിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, കാര്യങ്ങളെല്ലാം അതിവേഗം മാറി മറിയുകയായിരുന്നു. നാട്ടുകാരിൽ ചിലർ, തങ്ങളുടെ സംശയങ്ങൾ സഹിതം വിവരം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനെ ധരിപ്പിച്ചു. സിനുവിന്റെ മരണം മോട്ടോറിൽ നിന്നും ഷോക്കേറ്റല്ലെന്നും, തോട്ടിൽ വൈദ്യുതി പ്രവഹിപ്പിച്ച് മീൻ പിടിക്കുന്നതിനിടെ സംഭവിച്ചതാണെന്നുമായിരുന്നു നാട്ടുകാരിൽ ചിലരുടെ സംശയം.
ജില്ലാ പൊലീസ് മേധാവി രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ പ്രദേശമാകെ അരിച്ചു പെറുക്കി.
സംശയത്തിന്റെ ചൂണ്ടുമുന നീണ്ടത് ആറ്റിലേയ്ക്ക് തന്നെ. ഇവിടെ നിന്നു ലഭിച്ച വയറുകളും, വള്ളികളും, നനഞ്ഞ വസ്ത്രങ്ങളും എല്ലാം സിനുവിന്റെ മരണത്തിന്റെ ദുരൂഹത ഇരട്ടിയാക്കി മാറ്റി. ഇതോടെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് പതിയെ കസ്റ്റഡിയിൽ എടുത്തു. സംഭവം ചോദിച്ച് ചോദിച്ച് വന്നപ്പോൾ എല്ലാവരും ഒറ്റ മൊഴിയിൽ ഉറച്ചു നിന്നു. ഒറ്റയ്‌ക്കൊറ്റയ്ക്കിരുത്തി ചോദിച്ചതോടെ കാര്യങ്ങൾ കൈവിട്ട് പോയി. മീൻ പിടിക്കാൻ വൈദ്യുതി പ്രവഹിപ്പിച്ചതിനിടെ വെള്ളത്തിൽ നിന്ന സിനുവിന് ഷോക്കേൽക്കുകയായിരുന്നു എന്നായിരുന്നു പ്രതികൾ നൽകിയ മൊഴി.
മോട്ടോറിന്റെ വൈദ്യുതി കണക്ഷനിൽ ഗേജ് കൂടിയ ഇലക്ട്രിക് വയർ ഘടിപ്പിച്ച് ഇത് തോട്ടിലിട്ട് മീനുകളെ ഷോക്കേൽപ്പിച്ചായിരുന്നു പ്രതികളുടെ മീൻ വേട്ട. വൈദ്യുതി ഓണാക്കിയപ്പോൾ തോട്ടിലെ വെള്ളത്തിൽ നിന്ന സിനുവിന് അബദ്ധത്തിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നെന്ന് പ്രതികളും പറഞ്ഞു. മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ, വൈദ്യുതി മോഷണം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മുട്ടപ്പള്ളി കൊച്ചുപറമ്പിൽ ജോസഫിന്റെ മകൻ ഷോബി ജോസഫ് (38) ആണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് ഇന്നലെ മൂന്ന് പേരെ കൂടി ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. മുക്കൂട്ടുതറ തൂങ്കുഴിയിൽ മാത്യുവിന്റെ മകൻ ബിജു മാത്യു (43), കൊടിത്തോട്ടം താന്നിക്കുഴിയിൽ ജോസിന്റെ മകൻ സുനിൽ ജോസ് (41), കൊല്ലമുള ഓലക്കുളം തടത്തിൽ രാജൻ മകൻ ശ്യാം കുമാർ (32) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.