ന്യൂസിലൻഡ് പള്ളിയിലെ വെടിവെയ്പ്പ്: കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവതിയും; ജീവൻ നഷ്ടമായത് പള്ളിയ്ക്കുള്ളിൽ പ്രാർത്ഥിക്കുമ്പോൾ

ന്യൂസിലൻഡ് പള്ളിയിലെ വെടിവെയ്പ്പ്: കൊല്ലപ്പെട്ടവരിൽ കൊടുങ്ങല്ലൂർ സ്വദേശിയായ യുവതിയും; ജീവൻ നഷ്ടമായത് പള്ളിയ്ക്കുള്ളിൽ പ്രാർത്ഥിക്കുമ്പോൾ

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ : പള്ളിയ്ക്കുള്ളിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെ പാഞ്ഞെത്തിയ കൊലയാളിയുടെ തോക്കിന് ഇരയായവരിൽ മലയാളി യുവതിയും.
ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിൽ മരിച്ചവരിൽ കൊടുങ്ങല്ലൂർ സ്വദേശിനി കൊച്ചി മാടവന പൊന്നാത്ത് അബ്ദുൽ നാസറിന്റെ ഭാര്യ അൻസി(23)യും ഉണ്ടെന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്.  കാർഷിക സർവകലാശാല വിദ്യാർത്ഥിനി ആയിരുന്ന അൻസി കഴിഞ്ഞ വർഷമാണ് ന്യൂസീലൻഡിലേക്ക് പോയത്. ആക്രമണസമയത്ത് ഒപ്പമുണ്ടായിരുന്ന ഭർത്താവ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 
ആകെ അഞ്ച് ഇന്ത്യക്കാരാണ് ഭീകരാക്രമണത്തിൽ മരിച്ചത്. നേരത്തെ കാണാതായത് ഏഴ് ഇന്ത്യൻ പൗരൻമാരെയും രണ്ട് ഇന്ത്യൻ വംശജരെയുമാണെന്ന് സ്ഥിരീകരിച്ച് ന്യൂസീലൻഡ് ഇന്ത്യൻ ഹൈക്കമ്മീഷണർ സഞ്ജയ് കോഹ്‌ലി ട്വീറ്റ് ചെയ്തിരുന്നു. 
ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങളിൽ നിന്ന് ഹൈദരാബാദ് സ്വദേശി അഹ്മദ് ജഹാംഗീറിനെയും വാറങ്കൽ സ്വദേശി ഫർഹാജ് അഹ്സനെയും ബന്ധുക്കൾ തിരിച്ചറിഞ്ഞു. ബന്ധുക്കൾ ഹൈദരാബാദ് എം.പി അസദുദ്ദീൻ ഉവൈസി വഴി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടു. വെടിയേറ്റ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചിട്ടുണ്ട്. കാണാതായ രണ്ട് പേർ ഗുജറാത്ത് സ്വദേശികളാണ്.
അതേസമയം ഭീകരാക്രമണം നടത്തിയ അക്രമിക്ക് തോക്ക് കൈവശം വയ്ക്കുന്നതിനുള്ള ലൈസൻസ് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി. തോക്ക് കൈവശം വയ്ക്കുന്നതിനുള്ള നിയമത്തിൽ മാറ്റം വരുത്തുമെന്ന് പ്രധാനമന്ത്രി ജസീൻഡ അർഡൻ പറഞ്ഞു. പിടിയിലായവരെ ഏപ്രിൽ അഞ്ചുവരെ റിമാൻഡ് ചെയ്തു.