
ശിവഗംഗ: തമിഴ്നാട്ടില്‍ ബിജെപി ജില്ലാ വാണിജ്യ വിഭാഗം അംഗത്തെ ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. ശിവഗംഗ സ്വദേശിയായ സതീഷ്‌കുമാര്‍ കഴിഞ്ഞദിവസമാണ് കൊല്ലപ്പെട്ടത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ, ഇത് രാഷ്ട്രീയ കാരണങ്ങളാൽ ഉണ്ടായ കൊലപാതകമല്ലെന്ന് വ്യക്തമായി. വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് കാരണമായതെന്നും, സംഘർഷം നടക്കുമ്പോൾ സതീഷ്‌കുമാറും പ്രതികളും മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചിലധികം പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. എന്നാൽ, കേസിലെ മുഖ്യപ്രതികൾ ഒളിവിലാണ്. ഉടൻ ഇവരെ അറസ്റ്റ് ചെയ്യാന്‍ കഴിയുമെന്ന് ശിവഗംഗ പോലീസ് അറിയിച്ചു. തമിഴ്നാട്ടില്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടാമത്തെ ബിജെപി നേതാവാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. ജൂലൈ നാലിന് ദിണ്ടിഗല്‍ ജില്ലയിലെ സനര്‍പട്ടിക്ക് സമീപം വെച്ച് രാജകപട്ടി സ്വദേശിയായ 39 വയസ്സുള്ള ബാലകൃഷ്ണന്‍ വെട്ടേറ്റ് മരിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ മോട്ടോര്‍ബൈക്കില്‍ എത്തിയ ഒരു സംഘം ആളുകള്‍ പരസ്യമായി ഇദ്ദേഹത്തെ ആക്രമിച്ച് കടന്നു കളയുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാലകൃഷ്ണന്റെ മൃതദേഹം പിന്നീട് പോസ്റ്റ്മോര്‍ട്ടത്തിനായി ദിണ്ടിഗല്‍ ജില്ലാ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രാഥമിക അന്വേഷണത്തില്‍ സാമ്ബത്തിക തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചനയുണ്ടായിരുന്നു. എന്നാൽ ശിവഗംഗയിൽ സതീഷ്‌കുമാറിന്റെ കൊലപാതകത്തിന് പിന്നിലെ വ്യക്തമായ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.