
സ്വന്തം ലേഖകൻ
കോഴിക്കോട്: താൻ ആരെയും കൊന്നിട്ടില്ലെന്ന്
കോഴിക്കോട്ടെ ഹോട്ടൽ ഉടമ സിദ്ദിഖിന്റെ
കൊലപാതകക്കേസിലെ പ്രതി ഫർഹാന.
എല്ലാം ആസൂത്രണം ചെയ്തതും ഷിബിലിയാണ്. കൃത്യം നടക്കുമ്പോൾ ഷിബിലിക്കും ആഷിഖിനും ഒപ്പം ഹോട്ടൽ മുറിയിൽ ഉണ്ടായിരുന്നു. സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പ് അല്ലെന്നും ഫർഹാന പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചളവറയിലെ ഫർഹാനയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പൊലീസ് ജീപ്പിൽ വെച്ച് ടെലിവിഷൻ ചാനലിനോടാണ് ഫർഹാന ഇപ്രകാരം പറഞ്ഞത്. ‘ഞാൻ കൊന്നിട്ടൊന്നുമില്ല. ഞാൻ ഇതിന്റെ കൂടെ നിന്നു എന്നുള്ളത് ശരിയാണ്. എല്ലാം ആസൂത്രണം ചെയ്തത് ഷിബിലിയും ആഷിഖുമാണ്.
ഹോട്ടൽ മുറിയിൽ വെച്ച് സിദ്ദിഖും ഷിബിലിയും തമ്മിൽ കലഹമുണ്ടായി. ഹണി ട്രാപ്പ് എന്നു പറയുന്നത് പച്ചക്കള്ളമാണ്. ഞാൻ ഒരു രൂപ പോലും അയാളുടെ കയ്യിൽ നിന്നും വാങ്ങിയിട്ടില്ല’ എന്നും ഫർഹാന പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ പ്രതികൾ ധരിച്ചിരുന്ന വസ്ത്രം ഫർഹാനയുടെ ചളവറയിലെ വീടിന് പിന്നിൽ കൊണ്ടിട്ട് കത്തിച്ചു കളയുകയായിരുന്നു.
ഇതിന്റെ തെളിവു ശേഖരിക്കാനാണ് ഫർഹാനയെ വീട്ടിലെത്തിച്ചത്. വീട്ടിൽ നടത്തിയ തെളിവെടുപ്പിൽ കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. നേരത്തെ അട്ടപ്പാടിയിൽ നടത്തിയ തെളിവെടുപ്പിനിടെ സിദ്ദിഖിന്റെ മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. ഒൻപതാം വളവിൽ നിന്നുമാണ് ഫോൺ കണ്ടെടുത്തത്. മൃതദേഹം കൊക്കയിൽ ഉപേക്ഷിച്ച് വരുന്നവഴിയാണ് ഫോൺ കളഞ്ഞതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.