
പത്തനംതിട്ട:ശബരിമല സ്വർണ്ണക്കൊള്ള കേസിൽ, തിരുവിതാംകൂർ ദേവസ്വം ബോർഡിലെ മുൻ ജീവനക്കാരൻ മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളി. പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളിയിലെയും വാതിൽപ്പടിയിലെയും സ്വർണം കവർന്ന കേസിൽ മുരാരി ബാബു തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് .ശബരിമല ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളികൾ ചെമ്പുപാളിയെന്ന് രേഖപ്പെടുത്തിയത് മുരാരി ബാബുവായിരുന്നു.കഴിഞ്ഞ ഒക്ടോബർ 22നാണ് കേസിൽ മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് 14 ദിവസം റിമാൻഡ് ചെയ്തിരുന്നു. ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണ മോഷണക്കേസിൽ മുരാരി ബാബു രണ്ടാം പ്രതിയും കട്ടിളപ്പടികളിലെ സ്വർണമോഷണക്കേസിൽ ആറാം പ്രതിയുമാണ്.
ദേവസ്വം മുൻ അഡ്മിനിസ്ട്രേഷൻ ഓഫീസറായിരുന്ന മുരാരി ബാബുവിന്, 1998ൽ ശിൽപ്പപാളികൾ സ്വർണം പൂശിയതിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. തട്ടിപ്പിന് മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്കൊപ്പം ഗൂഢാലോചന നടത്തി. ക്ഷേത്രമുതൽ ദുരുപയോഗിക്കാൻ ഒത്താശ ചെയ്തതിലൂടെ ശബരിമല ക്ഷേത്രവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും റിപ്പോർട്ടിൽ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.


