വാച്ചറായിരിക്കെ കാക്കിയണിഞ്ഞു; കഠിന പരിശീലനം ഭയന്ന് തിരിച്ചെത്തി പിന്നാലെ ഗുമസ്തനായി പിന്‍വാതില്‍ നിയമനം; യുവതീ പ്രവേശനം തടഞ്ഞത് താനാണെന്ന് പ്രചരിപ്പിച്ചു; ദേവസ്വം ജോലിക്കു പിന്നാലെ കോടികൾ; മുരാരി എങ്ങനെ കോടീശ്വരനായി?

Spread the love

തിരുവനന്തപുരം: സാധാരണ കുടുംബത്തിൽ ജനിച്ച് കോടീശ്വരനായ ആളാണ് ശബരിമല സ്വർണത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു. ചങ്ങനാശേരി പെരുന്നയിൽ ചെറിയ കടയായിരുന്നു മുരാരിയുടെ പിതാവിന്.

video
play-sharp-fill

ദേവസ്വം ബോർഡിൽ ജോലി കിട്ടിയശേഷം വലിയ സമ്പാദ്യം മുരാരിക്കുണ്ടായതായാണ് പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ദേവസ്വം ബോർഡിലെ ജോലി കൊണ്ട് ഇത്രയും പണം സമ്പാദിക്കാനാകുമോ എന്നാണ് എസ്ഐടി അന്വേഷിക്കുന്നത്. മുരാരിയുടെ ബാങ്കിടപാടുകളുടെ അടക്കമുള്ള രേഖകൾ എസ്ഐടി ശേഖരിച്ചിട്ടുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിവാദ സമയത്ത് ശബരിമലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്നു മുരാരി ബാബു. ഈ സമയത്താണ് പെരുന്നയിലെ എന്‍ എസ് എസ് ആസ്ഥാനാവുമായി അടുത്തത്. ശബരിമലയില്‍ സ്ത്രീകളെ കയറാന്‍ അനുവദിക്കാത്തത് താനാണെന്ന സന്ദേശം പോലും എന്‍ എസ് എസിലെ പ്രധാനിയ്ക്ക് മുരാരി ബാബു നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്ത്രിയുമായും എന്‍ എസ് എസുമായുമെല്ലാം നിരന്തര സംസാരിച്ച്‌ പെരുന്നയില്‍ ആചാര സംരക്ഷകനായി മുരാരി ബാബു മാറി. അതിന് ശേഷം ഭാര്യയ്ക്ക് എന്‍ എസ് എസ് ആസ്ഥാനത്ത് ജോലി ലഭിക്കുകയും ചെയ്തു. ഈ സമയത്താണ് പെരുന്നയിലെ വീട് നിര്‍മ്മാണവും നടന്നത്.

എല്ലാം പുറത്തേക്ക് കൊണ്ടു വന്നത് ശബരിമലയിലെ സ്വര്‍ണ്ണ കൊള്ളക്കേസാണ്. അല്ലാത്ത പക്ഷം ദേവസ്വം ബോര്‍ഡിന്റെ ഭാവി പ്രസിഡന്റായി മുരാരി ബാബു മാറുമായിരുന്നു. അയ്യപ്പന്റെ ഇടപെടലുകളാണ് ഈ കള്ളക്കളികള്‍ പുറത്തെത്തിച്ചതെന്നാണ് പെരുന്നക്കാര്‍ പറയുന്നത്.

എന്‍ എസ് എസുമായി അടുത്ത ബന്ധം മുരാരി ബാബുവിന് ഉണ്ട്. എന്‍ എസ് എസ് മുന്‍ പ്രസിഡന്റും മുന്‍ മന്ത്രിയും ആയിരുന്ന എന്‍ ഭാസ്‌കരന്‍ നായരുടെ ആശിര്‍വാദത്തിലാണ് മുരാരി ബാബു ദേവസ്വം ബോര്‍ഡില്‍ എത്തുന്നത്.

ആദ്യം വാച്ചറായാണ് ജോലിയില്‍ കയറിയത്. ഇതിനിടെ പോലീസില്‍ ജോലി കിട്ടി. വാച്ചര്‍ ജോലി ഉപേക്ഷിച്ച്‌ പോയ മുരാരിയ്ക്ക് പോലീസിലെ കടുത്ത പരിശീലനം ഭയമായിരുന്നു. അങ്ങനെ ആ ജോലി വേണ്ടെന്ന് വച്ചു. തിരിച്ചെത്തിയ മുരാരിയ്ക്ക് ഭാസ്‌കരന്‍ നായര്‍ വീണ്ടും തുണയൊരുക്കി. ഭാസ്‌കരന്‍ നായരുടെ ഗുമസ്തനായിരുന്നു മുരാരി ബാബുവിന്റെ കൊച്ചച്ഛന്‍. മുരാരി ബാബുവിന്റെ അച്ഛന് പെരുന്നയില്‍ ചെറിയ പലചരക്ക് കടയായിരുന്നു.

ഇതിനൊപ്പം പച്ചക്കറി കച്ചവടവും. ഈ ആകുലതകള്‍ ഭാസ്‌കരന്‍ നായരെ ബോധ്യപ്പെടുത്തിയാണ് മുരാരി ബാബുവിനെ രണ്ടാം എന്‍ട്രി ദേവസ്വം ബോര്‍ഡില്‍ ഉറപ്പാക്കിയത്. ഭാസ്‌കരരന്‍ നായരുടെ സഹായിയായി എത്തിയ മുരാരി ബാബു പിന്നീട് ക്ലര്‍ക്കായി.

ഭാസ്‌കരന്‍ നായരുടെ ഇടപെടലില്‍ സ്ഥിരം ജോലിയും കിട്ടി. പിന്നീട് പല വിധ പ്രെമോഷനിലൂടെ ഡെപ്യൂട്ടി കമ്മീഷണര്‍ പദവിയിലുമെത്തി. ഇതിനിടെയാണ് പലചരക്കുകാരന്റെ മകന്‍ ‘തേക്ക് കൊട്ടാരം’ അടക്കം പണിതത്. വളരെ കാലം മുമ്ബ് അച്ഛന്‍ മരിച്ചു. ഇന്ന് ആ പലചരക്ക് കട മുരാരിയുടെ കുടുംബത്തിലെ ആരും നടത്തുന്നില്ല. ശബരിമലയില്‍ സ്ത്രീ പ്രവേശന വിവാദങ്ങള്‍ക്കിടെ പെരുന്ന എന്‍ എസ് എസ് ആസ്ഥാനവുമായി അടുത്ത മുരാരി ബാബു കരയോഗം പദവിയിലും എത്തി. ആദ്യ തവണ കരയോഗത്തില്‍ മത്സരിച്ച മുരാരി ബാബു തോറ്റു.

അതിന് ശേഷം മുകളില്‍ നിന്നുള്ള സമവായ നിര്‍ദ്ദേശ പ്രകാരം പെരുന്ന കരയോഗത്തില്‍ വൈസ് പ്രസിഡന്റുമായി. ്‌അടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്ന് ഉറപ്പിച്ച്‌ നടക്കുമ്ബോഴാണ് സ്വര്‍ണ്ണ കടത്തും അറസ്റ്റുമെല്ലാം.

പഠിക്കുമ്ബോഴേ സിപിഎം അനുഭാവിയായിരുന്നു മുരാരി ബാബു. ശബരിമല സ്വര്‍ണത്തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുമ്ബോള്‍ സിഐടിയു നിയന്ത്രണത്തിലുള്ള തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ അംഗമായിരുന്നു മുരാരി ബാബു.

പൊലീസ് ജോലി ഉപേക്ഷിച്ചാണ് മുരാരി ബാബു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥിര ജീവനക്കാരനായത്. പോലീസ് ജോലി ലഭിക്കും മുമ്ബായിരുന്നു വാച്ചറായി ജോലി ചെയ്തത്. ദേവസ്വം ഗാര്‍ഡിന് തുല്യമായ ജോലിയാണ് വാച്ചറുടേത്.

1994 ലാണ് പൊലീസില്‍ ജോലി കിട്ടിയത്. കോണ്‍സ്റ്റബിളായി കണ്ണൂരിലായിരുന്നു ആദ്യ പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കിയില്ല. 1997ലാണു ദേവസ്വം ബോര്‍ഡില്‍ ജീവനക്കാരനായത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്നപ്പോള്‍ ഭാസ്‌കരന്‍ നായരുടെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ ക്ലര്‍ക്കായി സ്ഥിര നിയമനം നല്‍കി.

വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര എന്നിവിടങ്ങളിലെ ഉത്സവങ്ങള്‍ക്ക് ‘സ്‌പെഷല്‍ ഓഫിസര്‍’ തസ്തികയില്‍ സേവനമനുഷ്ഠിച്ചു. 3 ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതില്‍ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തി.

ക്ഷേത്രത്തിലെ സ്വര്‍ണ രുദ്രാക്ഷമാല കാണാതായതും ശ്രീകോവിലില്‍ തീപിടിച്ചതും സ്വര്‍ണപ്രഭയിലെ 3 നാഗപ്പാളികള്‍ വിളക്കിച്ചേര്‍ത്തതും മുരാരി ജോലി ചെയ്ത കാലയളവിലാണ്. പഴയ തറവാടിരുന്ന സ്ഥലത്താണ് 2019ല്‍ മുരാരി വലിയ വീട് നിര്‍മിച്ചത്. ഒന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയായി. ഇതിനെ ഒരു തേക്ക് കൊട്ടാരമെന്നാണ് പെരുന്നക്കാര്‍ വിളിക്കുന്നത്.

ശബരിമലയില്‍ സ്വര്‍ണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിലാണ്. വീട് നിര്‍മാണത്തെക്കുറിച്ചും എസ്‌ഐടി അന്വേഷിക്കുന്നുണ്ട്. 2019 ല്‍ ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക ശില്‍പങ്ങള്‍ എന്നിവയിലെ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ പുറത്തു കടത്തി സ്വര്‍ണം കവര്‍ന്ന കേസുകളിലാണ് മുരാരി ബാബുവിനെ അറസ്റ്റ് ചെയ്തത്.

സ്വര്‍ണപ്പാളി ചെമ്ബാണെന്ന രേഖ ആദ്യം തയാറാക്കിയതു മുരാരി ബാബുവാണ്. താന്‍ എഴുതി നല്‍കിയാല്‍ മാത്രം കാര്യങ്ങള്‍ തീരുമാനമാകില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമൊക്കെ അനുമതി നല്‍കാതെ ഒരു പ്രവൃത്തിയും നടക്കില്ലെന്നുമാണു മുരാരിയുടെ മൊഴി. ഇതു ബോര്‍ഡിനു തിരിച്ചടിയാണ്. തിരുവനന്തപുരം സ്‌പെഷല്‍ സബ് ജയിലിലാണ് മുരാരി ഇപ്പോള്‍. മുരാരി ബാബുവിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം നീക്കം സജീവമാക്കിയിട്ടുണ്ട്. മുരാരി ബാബുവിന്റെ അഴിമതിയില്‍ വിശദ അന്വേഷണം നടത്തും.

ആന കൊള്ള അടക്കം പരിശോധിക്കും. ബിനാമി സ്വത്തുക്കളുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതിനിടെ പെരുന്നയില്‍ വീടു നിര്‍മിച്ചതിന്റെ സാമ്ബത്തികസ്രോതസ്സ് സംബന്ധിച്ചും അന്വേഷണം നടത്തും. പെരുന്നയില്‍ 2 നിലകളുള്ള വലിയ വീട് 2019നു ശേഷമാണ് പണിതത്. ഒന്നരവര്‍ഷം കൊണ്ടു പണിതീര്‍ത്തു. ഇതേ കാലയളവിലാണ് സ്വര്‍ണ്ണ കൊള്ള നടന്നത്.

ശബരിമലയില്‍നിന്നു സ്വര്‍ണപ്പാളി കടത്തിയതും വീടുപണിയും ഒരേ കാലയളവിലാണെന്നു കണ്ടെത്തിയ അന്വേഷണസംഘം ഇന്നലെ പെരുന്നയിലെ വീട്ടില്‍ പരിശോധന നടത്തി. പെരുന്നയിലെ വീട്ടിലെ തേക്കു കണ്ട് അന്വേഷണ സംഘം ഞെട്ടി. ക്ഷത്രാവശ്യങ്ങള്‍ക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് വീടുപണിക്കുള്ള തേക്കുതടികള്‍ വാങ്ങിയതെന്നും സംശയമുണ്ട്.

വീടിനു മാത്രം 2 കോടിയോളം രൂപ ചെലവായിട്ടുണ്ടെന്നു കണക്കാക്കപ്പെടുന്നു. മുന്തിയ തടി ഉരുപ്പടികള്‍ ഈ വീട്ടിലുണ്ട്. ദേവസ്വം ബോര്‍ഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രണ്ടു കോടിയുടെ തേക്ക് സൗധം തീര്‍ത്തത് അന്വേഷണ സംഘത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് എന്‍ എസ് എസില്‍ അടക്കം സജീവമായത്. എന്‍ എസ് എസ് പെരുന്ന കരയോഗം വൈസ് പ്രസിഡന്റായിരുന്നു മുരാരി ബാബു. സ്വര്‍ണ്ണ കൊള്ള വിവാദത്തെ തുടര്‍ന്ന് ഈ പദവി മുരാരിയ്ക്ക് നഷ്ടമായി.

ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019-ല്‍ സന്നിധാനം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ വിജിലന്‍സ് കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും കത്തുകള്‍, റിപ്പോര്‍ട്ടുകള്‍, മഹസറുകള്‍ എന്നിവയില്‍ ചെമ്ബുപാളി എന്ന് എഴുതി

ഉണ്ണിക്കൃഷ്ണന്‍ പോറ്റി പാളികള്‍ കൊണ്ടുപോയിട്ടും 39 ദിവസത്തിനുശേഷമാണ് ചെന്നൈയിലെത്തിച്ചത്. ഇത് വൈകിയത് എന്തുകൊണ്ടെന്ന് തിരക്കിയില്ല. പോറ്റി തിരികെക്കൊണ്ടുവന്ന പാളികള്‍ തൂക്കം നോക്കുന്നതിലും വീഴ്ചവന്നിരുന്നു. പാളികള്‍ ക്ഷേത്രസന്നിധിയില്‍ നവീകരിക്കാമായിരുന്നു. അതുണ്ടായില്ല. പകരം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ പണി ഏല്‍പ്പിക്കുന്നു എന്ന് പോറ്റി അറിയിച്ചിട്ട് എതിര്‍ത്തില്ല. തന്ത്രി പുറത്തു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ല.

ഇത് മുരാരി മറച്ചുവെച്ചാണ് പുറം പണിക്ക് ഒത്താശ ചെയ്തത്. ബോര്‍ഡിന്റെ ഉത്തരവുകളിലും തെറ്റിദ്ധാരണ വരുത്തുംവിധം മാറ്റങ്ങള്‍ വരുത്തുന്നതിനും ഇദ്ദേഹം ബോധപൂര്‍വം ശ്രമിച്ചു. എസ്‌ഐടിയും മുരാരിക്കെതിരേ ഈ വീഴ്ചകള്‍ നിരത്തിയിട്ടുണ്ട്. ഇപ്പോള്‍ ഹരിപ്പാട് ദേവസ്വത്തില്‍ ജോലിചെയ്യുന്ന മുരാരിയെ ബോര്‍ഡ് വിവാദങ്ങളെത്തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ചെമ്ബുപാളിയാണ് പണിക്ക് നല്‍കിയതെന്നാണ് മുരാരിയുടെ വിശദീകരണം. പക്ഷേ, സ്വര്‍ണ നിര്‍മാണരംഗത്തെ വിദഗ്ധര്‍ ഇത് തള്ളിപ്പറഞ്ഞിരുന്നു. ഇതിനിടെയാണ് മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10-ന് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുന്നത്.