
സ്വന്തം ലേഖകൻ
സംസ്ഥാന ബജറ്റിലെ പ്രഖ്യാപനങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലും സജീവ ചര്‍ച്ചയാണ്. മദ്യ വിലയില്‍ ഏര്‍പ്പെടുത്തുന്ന സെസ് ആണ് ചര്‍ച്ചയാവുന്ന ഒരു പ്രധാന വിഷയം.
മദ്യത്തിലെ വിലക്കയറ്റം ജനത്തെ മയക്കുമരുന്ന് ഉപയോഗത്തിലേക്ക് തള്ളിവിടുമെന്ന വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും അഭിപ്രായപ്പെട്ടിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ അതേ അഭിപ്രായം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി.
സോഷ്യല്‍ മീഡിയയിലൂടെ ചുരുങ്ങിയ വാക്കുകളിലാണ് തനിക്ക് പറയാനുള്ള ആശയം മുരളി ഗോപി വ്യക്തമാക്കുന്നത്. പ്രകടമായ യാഥാര്‍ഥ്യം: മദ്യം താങ്ങാനാവാത്ത വിലയിലേക്ക് ഉയര്‍ത്തുന്നതിനനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങള്‍ക്ക് നേരിടേണ്ടതായി വരും, മയക്കുമരുന്ന്, എന്നാണ് മുരളി ഗോപിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.
ഒരു നിയന്ത്രണവും ഇല്ലാതെ മദ്യവില കൂട്ടുന്നത് മയക്കുമരുന്ന് ഉപഭോഗത്തിലേക്ക് തള്ളിവിടുകയും കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുകയും ചെയ്യുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ പ്രതികരണം. ഇതേ അഭിപ്രായമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പങ്കുവച്ചത്.
അതേസമയം മദ്യ വിലയില്‍ സെസ് ഏര്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്തെത്തിയിരുന്നു.എല്ലാ മദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാത്തിനും വില വര്‍ധിക്കുന്നില്ലെന്നും ബാലഗോപാല്‍ വിശദീകരിച്ചു.