മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രത്തിലെ ഒറ്റയാൻ കാട്ടാനയെ കണ്ട് വിനോദ സഞ്ചാരികൾ ചിതറിയോടി
മൂന്നാർ : വിനോദസഞ്ചാര കേന്ദ്രമായ രാജമലയിൽ കാട്ടാനയിറങ്ങിയത് സഞ്ചാരികളേയും ജീവനക്കാരെയും ആശങ്കയിലാക്കി. രാജമലയിലെത്തിയ വിനോദസഞ്ചാരികൾ ടിക്കറ്റ് എടുക്കുന്നതിനിടയിലാണ് കാട്ടാന ഇറങ്ങിയത്. ഒറ്റയാനെ കണ്ട് ഭയന്ന വിനോദസഞ്ചാരികൾ ചിതറിയോടി. ഇതിനെതുടർന്ന് പാർക്ക് ഒരു മണിക്കൂറോളം അടച്ചിട്ടു.
നാട്ടാനയാണ് വരുന്നതെന്നു കരുതി വിനോദ സഞ്ചാരികളിൽ പലരും റോഡിൽ നിന്നും മാറാൻ ശ്രമിച്ചില്ല. എന്നാൽ കാട്ടാനയാണെന്നു വനംവകുപ്പ് ജീവനക്കാർ സന്ദർശകരെ അറിയിച്ചതോടെ പലരും സമീപത്തെ വനംവകുപ്പിന്റെ കെട്ടിടങ്ങളിൽ അഭയം തേടുകയായിരുന്നു. ടിക്കറ്റ് കൗണ്ടറിൽ നിന്നിരുന്നവരെ ജീവനക്കാർ സുരക്ഷിത സ്ഥലത്തേക്കു മാറ്റുകയായിരുന്നു. മൂന്നാർ – മറയൂർ അന്തർസംസ്ഥാന പാതയിലൂടെ ഒറ്റയാൻ എത്തിയത്.
നയമക്കാട് ഭാഗത്തു നിലയുറപ്പിച്ചിരുന്ന കാട്ടാനയാണ് പാർക്കിലെത്തിയത്. ഒരു മണിക്കൂറോളമാണ് ദേശീയോദ്യാനത്തിന്റെ അഞ്ചാം മൈൽ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് വഴിയടച്ച് ആന നിലയുറപ്പിച്ചത്. നാട്ടിലെത്തിയ കൊമ്പൻ കാടുകയറിയതിന് ശേഷമാണ് പാർക്ക് വീണ്ടും തുറന്നത്
Whatsapp Group 1 | Whatsapp Group 2 |Telegram Group