
റവന്യു വകുപ്പ് അനുമതി നിഷേധിച്ചിട്ടും മൂന്നാറില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് നിര്‍മ്മാണം; പണികള്‍ നടത്തുന്നത് ജലാശയത്തിന്റ അതീവ സുരക്ഷ മേഖലയില്‍ യന്ത്രങ്ങളുടെ സഹായത്തോടെ; പിന്നില്‍ സിപിഎം എന്ന് ആരോപണം
സ്വന്തം ലേഖിക
മൂന്നാര്‍: റവന്യു വകുപ്പ് അനുമതി നിഷേധിച്ച് ഉത്തരവിറക്കിയെങ്കിലും സിപിഎം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പഴയമൂന്നാര്‍ ഹൈഡല്‍ പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക് നിര്‍മ്മാണം തുടരുന്നു.
ജലാശയത്തിന്റ അതീവ സുരക്ഷ മേഖലയില്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് പണികള്‍ നടത്തുന്നത്.
നിര്‍മ്മാണത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് റവന്യുവകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പുഴയുടെ 50 വാരയ്ക്കുള്ളില്‍ നടക്കുന്ന നിര്‍മ്മാണമായതിനാല്‍ നല്‍കാന്‍ കഴിയില്ലെന്നാണ് റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി എ ജയതിലക് നല്‍കിയ മറുപടി . തുടര്‍ന്ന് നിര്‍മ്മാണം നിര്‍ത്തി വെയ്ക്കാന്‍ ഉത്തരവും പുറപ്പെടുവിച്ചു.
എന്നാല്‍ പണികള്‍ നിര്‍ത്താന്‍ ഇവര്‍ തയ്യാറായിട്ടില്ല. യന്ത്രങ്ങളുടെ സഹായത്തോടെ ജലാശയത്തിന്റ അതീവ സുരക്ഷമേഖലകളില്‍ മണ്ണ് നീക്കുന്നതടക്കമുള്ള ജോലികളാണ് നടക്കുന്നത്.
എംഎം മണി മന്ത്രിയായിരിക്കെയാണ് വൈദ്യുതിവകുപ്പിന്റെ കീഴിലുള്ള പഴയമൂന്നാറിലെ ഹൈഡല്‍ പാര്‍ക്കില്‍ സിപിഎം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്ക് അമ്യൂസ്‌മെന്റ് പാര്‍ക്ക് അടക്കമുള്ള പദ്ധതികള്‍ക്ക് തുടക്കമിട്ടത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്ക് തുറന്നുകൊടുക്കാനായിരുന്നു പദ്ധതി.
ബാങ്കിന്റെ നേത്യത്വത്തില്‍ ഇതിനായി 12 കോടിയിലധികം തുക വകയിരുത്തി കൂറ്റന്‍ റൈഡറടക്കം എത്തിച്ചു. പാര്‍ക്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ തോട്ടങ്ങളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ മക്കള്‍ക്ക് ജോലി നല്‍കുമെന്നാണ് യൂണിയന്‍ നേതാക്കള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ചില നേതാക്കളുടെ സ്വര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് പാര്‍ക്കില്‍ അനധിക്യതമായി നിര്‍മ്മാണങ്ങള്‍ നടത്തുന്നതെന്ന ആരോപണവുമായി സിപിഐയും കോണ്‍ഗ്രസും രംഗത്തെത്തി. കോണ്‍ഗ്രസ് നേതാവ് ആര്‍ രാജാറാം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതോടെ നിര്‍മ്മാണം നിലച്ചു.
തൊഴിലാളികളുടെ മക്കള്‍ക്കായി നിര്‍മ്മിക്കുന്ന പാര്‍ക്കാണെന്ന വ്യാജേനെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ബാങ്ക് പ്രസിഡന്റ് ശ്രമം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. എന്നാല്‍ അതീവ സുരക്ഷാമേഖലയായതിനാല്‍ നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് റവന്യുവകുപ്പ് സ്വീകരിച്ചത്.