
മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം; ഓടികൊണ്ടിരുന്ന ഇന്നോവ കാറിനെ കൊമ്പൻ ചവിട്ടി മറിച്ചിട്ടു; തലകീഴായി മറിഞ്ഞ കാറിൽ നിന്ന് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാർ: മൂന്നാറില്‍ വീണ്ടും കാട്ടാന ആക്രമണം.
ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചിട്ട് കൊമ്പൻ. മൂന്നാർ ദേവികുളം റോഡില്‍ സിഗ്നല്‍ പോയിന്റിന് സമീപത്ത് വെച്ചാണ് സംഭവം നടന്നത്.
വിദേശ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്. കാർ റോഡില്‍ തലകീഴായി മറിഞ്ഞു. സഞ്ചാരികള്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. പ്രദേശത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു. അതിനിടെ പുല്‍പ്പള്ളി ഭൂദാനം ഷെഡില്‍ ജനവാസ മേഖലയില്‍ കാട്ടാന ഇറങ്ങി.
ഇന്നലെ രാത്രിയാണ് വീടുകളുടെ മുറ്റത്ത് അടക്കം ആന ഇറങ്ങിയത്. ആന ഉണ്ടെന്ന് വീട്ടുകാരെ അറിയിക്കാൻ ഹോണ്‍ അടിച്ച ബൈക്ക് യാത്രക്കാരന് നേരെയും ആന പാഞ്ഞടുത്തു. ഒടുവില്‍ പടക്കം പൊട്ടിച്ചാണ് നാട്ടുകാർ കാട്ടാനയെ അവിടെ നിന്നും തുരത്തിയത്.

സിങ്കുക്കണ്ടത്ത് കൊമ്പുപയോഗിച്ച് വീടിന്റെ ഭിത്തി കുത്തി മലര്‍ത്തി ചക്കക്കൊമ്പൻ; കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ് ആഹാരം തേടി പടയപ്പ; മൂന്നാറിനെ ഭീതിയിലാക്കി കാട്ടുകൊമ്പന്മാര്‍; പൊറുതിമുട്ടി ജനങ്ങൾ; ജാഗ്രതാ നിര്‍ദ്ദേശവുമായി വനംവകുപ്പ്…..
മൂന്നാർ: മൂന്നാറില്‍ കാട്ടാന ഭീതി സജീവം.
ചക്കക്കൊമ്പനും പടയപ്പയും ഭീഷണിയായി തുടരുകയാണ്.
ചിന്നക്കനാലില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം ഉണ്ടായി. സിങ്കുകണ്ടത്ത് പുലർച്ചെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്.
കൂനംമാക്കല്‍ മനോജ് മാത്യുവിന്റെ വീടാണ് ചക്കക്കൊമ്പൻ ഇടിച്ചു തകർക്കാൻ ശ്രമിച്ചത്. ആളപായമില്ല. പുലർച്ചെ നാലോടെ മനോജിന്റെ വീടിന് മുന്നിലെത്തിയ ആന കൊമ്പുപയോഗിച്ച് ഭിത്തിയില്‍ ശക്തിയായി കുത്തുകയായിരുന്നു. ഇതോടെ വീടിന്റെ ഭിത്തിയില്‍ വിള്ളല്‍ വീണു. വീടിന്റെ അകത്തെ സീലിങും തകർന്നുവീണു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീടിനകത്ത് മനോജും കുടുംബവും കിടന്നുറങ്ങുകയായിരുന്നു. ശബ്ദം കേട്ട് ഇവർ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും കൊമ്പൻ സ്ഥലം വിട്ടിരുന്നു. ദിവസങ്ങളായി ഇതേ നിലയാണ് പ്രദേശത്ത് തുടരുന്നതെന്ന് മനോജ് പറഞ്ഞു. ഭാഗ്യം കൊണ്ടാണ് ഈ കുടുംബം രക്ഷപ്പെട്ടത്.
ചക്കക്കൊമ്പന്റെ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയാണ് ചക്കക്കൊമ്പൻ പുലർച്ചെ നടത്തിയ പരാക്രമത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഇതിനൊപ്പമാണ് പടയപ്പയുടെ ഭീതി.
ദേവികുളത്ത് പടയപ്പ സജീവമാണ്. ആനയെ വനംവകപ്പ് കാട്ടിലേക്ക് തുരുത്തിയെങ്കിലും ഏത് സമയവും തിരിച്ചു വരാം. അതുകൊണ്ടു തന്നെ ഈ മേഖലയില്‍ യാത്ര ചെയ്യുന്നവർ സൂക്ഷിക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം തുമ്പിക്കൈകൊണ്ട് കെഎസ്‌ആർടിസി ബസിന്റെ സ്റ്റിയറിങ് കറക്കിയും സീറ്റ് ബെല്‍റ്റ് പൊട്ടിക്കാൻ ശ്രമിച്ചും പടയപ്പയുടെ പരാക്രമം മേഖലയെ നടുക്കിയിരുന്നു. ഇന്നലെ രാവിലെ യാത്രക്കാരുമായി പോയ കെഎസ്‌ആർടിസി ബസിനുള്ളില്‍ ഭക്ഷണം തേടിയായിരുന്നു പടയപ്പയുടെ പരാക്രമം. രാവിലെ 6.45നു കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ ലാക്കാട് ടോള്‍ പ്ലാസയ്ക്കു സമീപമാണു കാട്ടാന റോഡിലിറങ്ങിയത്.
ബസില്‍ 15 യാത്രക്കാരുണ്ടായിരുന്നു. ആനയെ റോഡില്‍ കണ്ടതോടെ ഡ്രൈവർ പി.പി.ഹരിദാസ് ബസ് റോഡരികില്‍ ഒതുക്കി നിർത്തി. കണ്ടക്ടർ എൻ.കെ.സജീവനും ഡ്രൈവറും യാത്രക്കാരുമെല്ലാം ബസിന്റെ പിൻഭാഗത്തേക്കു മാറി ഷട്ടറുകള്‍ താഴ്‌ത്തിയിരുന്നു. പടയപ്പ ഡ്രൈവർസീറ്റിന്റെ അടുത്തുള്ള വാതിലിലൂടെ തുമ്പിക്കൈ അകത്തിട്ട് ഭക്ഷണത്തിനായി പരതി. ഡ്രൈവറുടെ സീറ്റ് ബെല്‍റ്റ് വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചശേഷം പിൻവാങ്ങി. ബസിനു കേടുപാടില്ല.
ദ്രുതകർമസേനയെത്തി പടയപ്പയെ ഓടിച്ചു. എന്നാല്‍ ആന ഇപ്പോഴും സമീപ പ്രദേശത്ത് തന്നെയുണ്ട്. ചിന്നക്കനാലിനെ വിറപ്പിച്ച അരികൊമ്പനെ നാടു കടത്തിയിട്ടും ചക്കക്കൊമ്പനും പടയപ്പയും പ്രശ്‌നം തുടരുന്നുവെന്നതാണ് നാട്ടുകാരെ ഭീതിയിലാഴ്‌ത്തുന്നത്.