
മൂന്നാർ: മൂന്നാറിലെ വിനോദസഞ്ചാരികള്‍ക്കായി കെഎസ്‌ആർടിസിയുടെ രണ്ടാമത്തെ ഡബിള്‍ ഡെക്കർ ബസ് സർവീസ്, ‘റോയല്‍ വ്യൂ 2.0’, ആരംഭിച്ചു.
മന്ത്രി കെ.ബി. ഗണേഷ് കുമാർ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്റെ മികച്ച വിജയത്തിനു പിന്നാലെയാണ് കെഎസ്‌ആർടിസി രണ്ടാമത്തെ ബസ് സർവീസിന് തുടക്കം കുറിച്ചത്.
പുതുവത്സര സമ്മാനമായാണ് കെഎസ്‌ആർടിസി ഈ പുതിയ സർവീസ് മൂന്നാറിന് സമർപ്പിക്കുന്നത്. മൂന്നാറിലെ നിരത്തുകളില്‍ ഏറെ ശ്രദ്ധ നേടിയ ആദ്യ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവീസ് തുടങ്ങി വെറും ഒൻപത് മാസങ്ങള്‍ക്കുള്ളില്‍ ഒരു കോടി രൂപ വരുമാനം നേടിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ ജനപ്രീതി പരിഗണിച്ചാണ് രണ്ടാമത്തെ ബസ് പുറത്തിറക്കിയത്.
തിരുവനന്തപുരം പാപ്പനംകോട് കെഎസ്‌ആർടിസി ഡിപ്പോയിലാണ് റോയല്‍ വ്യൂ 2.0 ബസ് പൂർണമായും നിർമ്മിച്ചിരിക്കുന്നത്.
മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെയും താഴ്വരകളുടെയും വിശാലമായ കാഴ്ചകള്‍ യാത്രികർക്ക് പൂർണ്ണമായി ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ബസിന്റെ മുകള്‍ഭാഗം രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
ഈ സർവീസിന് ദിവസേന മൂന്ന് ട്രിപ്പുകളാണുള്ളത്. രാവിലെ 9 മണിക്ക് ആദ്യ ട്രിപ്പ് ആരംഭിക്കും.
തുടർന്ന് ഉച്ചയ്ക്ക് 12:30നും വൈകുന്നേരം 4 മണിക്കും അടുത്ത ട്രിപ്പുകള്‍ പുറപ്പെടും. ബസില്‍ ആകെ 50 സീറ്റുകളാണുള്ളത്. ഇതില്‍ ലോവർ ഡെക്കില്‍ ഒരാള്‍ക്ക് 200 രൂപയും അപ്പർ ഡെക്കില്‍ 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.



