
കൊച്ചി: കൂത്താട്ടുകുളം നഗരസഭ ഭരണം യുഡിഎഫിന് സ്വന്തമായി. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ സിപിഎം വിമത കല രാജുവിന് ജയം. വോട്ടെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിനാണ് കല രാജു പരാജയപ്പെടുത്തിയത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥി.
ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് കനത്ത പൊലീസ് സന്നാഹത്തിലായിരുന്നു നടന്നത്.
ഈ മാസം 5-ാം തീയതി യുഡിഎഫ് മുന്നോട്ടുവച്ച അവിശ്വാസം പാസായതോടെ കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായിരുന്നു. അവിശ്വാസത്തിലൂടെ പുറത്തായ വിജയ ശിവനെയാണ് എല്‍ഡിഎഫ് വീണ്ടും ചെയര്‍പേഴ്സണ്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിച്ചത്. വോട്ടെടുപ്പില്‍ കല രാജുവിന് 13 വോട്ടും എല്‍ഡിഎഫിന്റെ വിജയ ശിവന് 12 വോട്ടുമാണ് ലഭിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ജനുവരിയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കാനിരിക്കെ കൗണ്‍സിലര്‍ കല രാജുവിനെ സിപിഎം പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയത് വിവാദമായി മാറിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് വൈസ് ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും. വൈസ് ചെയര്മാന് സ്ഥാനത്തേക്ക് സ്വതന്ത്ര അംഗം പി ജി സുനില്‍കുമാറിനെയാണ് യുഡിഎഫ് മത്സരിപ്പിക്കുന്നത്. അവിശ്വാസത്തിലൂടെ പുറത്തായ സണ്ണി കുര്യാക്കോസ് തന്നെയാണ് എല്‍ഡിഎഫിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥി.