play-sharp-fill
കാത്തിരിപ്പിന് വിരാമം: നാലു വർഷത്തിന് ശേഷം കോട്ടയം നഗരസഭയുടെ ജൂബിലി പാർക്കിന് ജീവൻ വയ്ക്കുന്നു; ക്രിസ്മസ് പിറ്റേന്ന് പാർക്ക് തുറന്നു നൽകും

കാത്തിരിപ്പിന് വിരാമം: നാലു വർഷത്തിന് ശേഷം കോട്ടയം നഗരസഭയുടെ ജൂബിലി പാർക്കിന് ജീവൻ വയ്ക്കുന്നു; ക്രിസ്മസ് പിറ്റേന്ന് പാർക്ക് തുറന്നു നൽകും

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം മുനിസിപ്പൽ ജൂബിലി പാർക്ക് ഡിസംബർ 26ന് പൊതുജനങ്ങൾക്കായി തുറക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.

ആകെ 2.07 കോടി രൂപ ചിലവിട്ടാണ് പാർക്ക് നവീകരണം നടത്തിയത്.  ഇതിൽ 1.62 കോടി രൂപ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടും 45 ലക്ഷം രൂപ മുനിസിപ്പാലിറ്റിയുടെ വിഹിതവുമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സന്ദർശകർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, കുട്ടികൾക്കുള്ള വിനോദോപാധികൾ, നടപ്പാത, പുൽത്തകടി, ശുചിമുറികൾ, വൈദ്യുതി വിളക്കുകൾ തുടങ്ങിയ സൗകര്യങ്ങളുള്ള പാർക്കിന് പുതിയ പ്രവേശന കവാടവും ഒരുക്കിയിട്ടുണ്ട്. പ്രശസ്ത ശിൽപ്പി കെ.എസ്. രാധാകൃഷ്ണൻ നിർമിച്ച ശിൽപ്പങ്ങൾ പാർക്കിൻറെ സവിശേഷതയാണ്. മൂന്നു കോടി രൂപ ചിലവു വരുന്ന ശിൽപ്പങ്ങൾ സൗജന്യമായാണ് അദ്ദേഹം നിർമിച്ചു നൽകിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

പാർക്ക് തുറക്കുന്നതിനോടനുബന്ധിച്ച് ഡിസംബർ 26 മുതൽ പുതുവർഷ ദിനം വരെ ഏഴു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികളുടെ പങ്കാളിത്തവും ഫെസ്റ്റിവലിലുണ്ടാകും. ഇതിനു മുന്നോടിയായി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം ഡിസംബർ 16ന് വൈകുന്നേരം 4.30ന് കളക്ടറേറ്റിൽ നടക്കും.

ആലോചനാ യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി.ആർ. സോന, കൗൺസിലർ സാബു പുളിമൂട്ടിൽ, എ.ഡി.സി ജനറൽ ജി. അനീസ്, മറ്റ് ഉദ്യോഗസ്ഥർ, കോട്ടയം അഗ്രി ഹോർട്ടികൾച്ചർ  സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.