
പേവിഷബാധയുമായി കുറുനരികള്‍….! മുണ്ടക്കയം വേലനിലത്ത് രണ്ടാഴ്ചയ്ക്കിടയില്‍ കുറുനരി ആക്രമിച്ചത് രണ്ടു പേരെ; നെഞ്ചിടിപ്പോടെ നാട്; കണ്ടില്ലെന്ന് നടിച്ചു വനംവകുപ്പ്; പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ
സ്വന്തം ലേഖിക
മുണ്ടക്കയം: രണ്ടാഴ്ചയ്ക്കിടയില്‍ വേലനിലം ഭാഗത്തു രണ്ടു പേര്‍ കുറുനരിയുടെ ആക്രമണത്തിന് ഇരയായ സംഭവങ്ങളില്‍ കുറുനരികള്‍ക്കു പേ വിഷബാധ സ്ഥിരീകരിച്ചത് നാട്ടുകാരില്‍ ആശങ്ക പടര്‍ത്തുന്നു.
യാതൊരു പ്രകോപനവുമില്ലാതെയാണ് പാഞ്ഞെത്തിയ കുറുനരികള്‍ നാട്ടുകാരെ ആക്രമിച്ചത്. വെള്ളിയാഴ്ച വേലനിലം കുറ്റിയാനിക്കല്‍ ജോസുകുട്ടിയെ ആക്രമിച്ച കുറുക്കനും പേ വിഷബാധ സ്ഥിരീകരിച്ചതോടെ മേഖല കടുത്ത ആശങ്കയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 10ന് പഞ്ചായത്ത് അംഗം ജോമി തോമസിനാണ് ആദ്യം കുറുനരിയുടെ ആക്രമണമുണ്ടായത്.
പലേടത്തും ആക്രമണം
നാട്ടുകാര്‍ തല്ലിക്കൊന്നു കുഴിച്ചിട്ട കുറുനാരിയെ വനംവകുപ്പ് അധികൃതര്‍ പുറത്തെടുത്തു നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
രണ്ടാമത് കുറ്റിയാനിക്കല്‍ ജോസുകുട്ടിയെ ആക്രമിച്ച കുറുനരിക്കും പേവിഷബാധ സ്ഥിരീകരിച്ചു.
തെരുവ് നായകള്‍ക്കൊപ്പമെത്തിയ കുറുനരിയാണ് ജോസുകുട്ടിയെ ആക്രമിച്ചതെന്നും പറയപ്പെടുന്നു.
ഇതോടെ തെരുവ് നായകളിലേക്കും പേവിഷബാധ പടര്‍ന്നിരിക്കാമെന്ന ആശങ്കയും നാട്ടുകാര്‍ക്കുണ്ട്.
പകല്‍ സമയങ്ങളില്‍ പോലും വീടിനു വെളിയില്‍ ഇറങ്ങാന്‍ ആളുകള്‍ മടിക്കുകയാണ്.
മുണ്ടക്കയം പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ സമാനമായ ആക്രമണം ഉണ്ടായിട്ടുണ്ട്.
എന്നാല്‍, അക്രമിക്കുന്ന കുറുനരിയെ തല്ലിക്കൊല്ലുന്ന നാട്ടുകാര്‍ക്കെതിരെ വനംവകുപ്പ് കേസെടുക്കുമെന്നതിനാല്‍ പല ആളുകളും പുറത്തു പറയാന്‍ തയാറാകുന്നില്ല. പേ വിഷബാധ സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ പുറത്തുപറയാതിരിക്കുന്നതും അപകടകരമാണ്.
അതേസമയം, രണ്ടുപേരെ കുറുനരി ആക്രമിച്ചു മാരകമായി പരിക്കേല്‍പ്പിച്ചിട്ടും വനംവകുപ്പിന്‍റെ ഭാഗത്തുനിന്നു യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം. കുറുക്കനെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മാത്രമാണ് വനം വകുപ്പ് തയാറാകുന്നതെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
രണ്ടുപേരെ കുറുനരി ആക്രമിച്ച സാഹചര്യത്തില്‍ അടിയന്തരമായി ഇവിടെ രാത്രികാലങ്ങളില്‍ വനംവകുപ്പിന്‍റെ നിരീക്ഷണം ശക്തമാക്കണമെന്നു മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രേഖ ദാസ് ആവശ്യപ്പെട്ടു.
മുണ്ടക്കയം പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പെരുകുന്ന കുറുനരിയാക്രമണം തടയാന്‍ വനം വകുപ്പ് ശ്രമിച്ചില്ലെങ്കില്‍ സമരം നടത്തുമെന്നു കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് നൗഷദ് ഇല്ലിക്കല്‍ പറഞ്ഞു.
ടാപ്പിംഗ് നിലച്ച പല റബര്‍ തോട്ടങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. ഇവിടങ്ങളില്‍ കാട്ടുപന്നിയും കുറുനരിയും പെറ്റുപെരുകുന്ന സ്ഥിതിയാണ്. ഇവ ജനവാസ മേഖലയിലേക്ക് ഇറങ്ങി മനുഷ്യനും വളര്‍ത്തു മൃഗങ്ങള്‍ക്കും വലിയ ഭീഷണി സൃഷ്ടിക്കുകയാണ്.