
മുണ്ടക്കയം : അത്ഭുത രക്ഷപ്പെടല്‍, ഒറ്റവാക്കില്‍ അങ്ങനെ പറയാം. വീടിന്റെ സിറ്റൗട്ട് വരെയെത്തിയ കാട്ടാനയില്‍ നിന്ന് കൊമ്പുകുത്തി നിവാസികളായ വൃദ്ധ ദമ്ബതികളായ പടലിക്കാട്ടില്‍ ദാസനും ഭാര്യ പുഷ്പയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം. വൈകിട്ട് മുതല്‍ ആനയുടെ സാന്നിദ്ധ്യം മേഖലയില്‍ ഉണ്ടെന്ന വിവരം ലഭിച്ചതോടെ ദാസൻ റബർ ഷീറ്റ് ഡിഷ് അടിച്ച് ശബ്ദം ഉണ്ടാക്കിയിരുന്നു. പിന്നീട് ഉറങ്ങാൻപോയി. ഇതിന് പിന്നാലെയാണ് വീടിന് സമീപത്ത് കൃഷി ചെയ്ത കപ്പ ആന നശിപ്പിക്കുന്ന ശബ്ദം കേട്ട് പുഷ്പ കതക് തുറന്ന് പുറത്തിറങ്ങിയത്. ഞൊടിയിടയില്‍ പുഷ്പയുടെ നേരെ കാട്ടാന ചീറിയടുത്തു. വീടിന്റെ സിറ്റ് ഔട്ടില്‍ മുൻകാല് എടുത്തു വച്ച് പുഷ്പയെ പിടിക്കാനായി ആഞ്ഞതോടെ ദാസൻ ഭാര്യയെഹാളിലേക്ക് തള്ളി മാറ്റുകയായിരുന്നു.
സമീപത്തെ പ്ലാക്കല്‍ സജിമോന്റെ വീടിന് സമീപത്തും ആനയെത്തി. വീട്ടുകാർ ബഹളം വച്ചതോടെ പിന്മാറി. കഴിഞ്ഞ ദിവസം രാത്രിയില്‍ പുളിക്കല്‍ പത്മനാഭപിള്ളയുടെ വീട്ടുമുറ്റത്തും കാട്ടാനയെത്തിയിരുന്നു. വീട്ടുകാർ നിലവിളിച്ചതോടെ ആന വീടിന്റെ കതക് കുത്തി പൊളിച്ചു. കട്ടില്, മേശ, ടി.വി അടക്കം നശിപ്പിച്ചു. വീട്ടുകാർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സോളാർവേലികള്‍ നശിച്ചു
ആന ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ പ്രദാശവാസികളും ഭീതിയിലാണ്. വ്യാപകമായി കൃഷികളും നശിപ്പിക്കുന്നുണ്ട്. നാട്ടുകാർ പരാതിപ്പെടുമ്ബോള് പേരിന് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനകളെ കാട്ടിലേക്ക് തുരത്തുമെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങുകയാണ്. വനാതിർത്തി പ്രദേശങ്ങളില്‍ സോളർവേലികള്‍ നശിച്ചതും കാട്ടാനകള്‍ നാട്ടിലേക്ക് ഇറങ്ങാൻ കാരണമായി. സംരക്ഷണ വേലികള്‍ നിർമ്മിക്കുമെന്ന് അധികാരികള്‍ വാഗ്ദാനം നല്‍കുന്നുണ്ടെങ്കിലും ഇതൊന്നും പ്രാവർത്തികമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
ഭീതിയുടെ മുള്‍മുനയില്‍
ആനയെ എത്രയും വേഗം പിടികൂടി കാട്ടിലേക്ക് അയക്കണം
രാത്രിയില്‍ ആനകള്‍ വീടിന്റെ പരിസരത്ത് വരെ എത്തുന്നു
മഴയത്ത് തിരിച്ചറിയാൻ പ്രദേശവാസികള്‍ക്ക് കഴിയുന്നില്ല
ആളുകള്‍ ആനയുടെ മുന്നില്‍പ്പെടാൻ സാദ്ധ്യത ഏറെ
രാത്രികാലങ്ങളില്‍ പലരും വാഹനയാത്ര ഒഴിവാക്കുന്നു
”പുലർച്ചെ ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികള്‍ക്ക് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ആനക്കൂട്ടത്തെ ഉള്‍വനത്തിലേക്ക് ഓടിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് ആവശ്യത്തിലും നടപടി നീളുകയാണ്.
-ഗോവിന്ദൻ, കർഷകൻ