മുണ്ടക്കയം കൊമ്പുകുത്തിയിൽ വാറ്റ് തകൃതി; തിരിഞ്ഞ് നോക്കാതെ എക്സൈസ് ; ഒരു കുപ്പി ചാരായത്തിന് 2000 രൂപ; രണ്ടാം ലോക്ഡൗൺ വാറ്റുകാർക്ക് ചാകര; വണ്ടൻപതാലിലും, കേരൂത്തോട്ടിലും, പുഞ്ചവയലിലും ചാരയമൊഴുകുന്നു; വണ്ടൻപതാലിൽ ചാരായമെത്തിക്കുന്നത് എസ്റ്റേറ്റേറ്റ് സൂപ്പർവൈസറുടെ നേതൃത്വത്തിൽ
സ്വന്തം ലേഖകൻ
മുണ്ടക്കയം: വാറ്റുകാർക്ക് ചാകരയാണ് രണ്ടാം ലോക്ക്ഡൗണ്‍ നല്കിയത്. ബിവറേജസുകളും ബാറുകളും അടച്ചതോടെയാണ് കൂണുപോലെ മലയോര മേഖലയിൽ വ്യാജന്മാരും തലപൊക്കിയത്. ശനിയും ഞായറും സമ്പൂർണ്ണ ലോക് ഡൗൺ കൂടി ആയതോടെ വാറ്റുകാർക്ക് കോളടിച്ചു.
പ്രതിരോധപ്രവര്‍ത്തനങ്ങളുമായി പൊലീസ് നെട്ടോട്ടമോടുമ്പോൾ വ്യാജന്മാരുടെ നിര്‍മ്മാണം തകൃതിയായി നടക്കുകയാണ്. ശനിയും, ഞായറും നടപ്പാക്കുന്ന ലോക്ക്ഡൗണിന്റെ ആദ്യ നാളുകളില്‍ മദ്യത്തിനായി നെട്ടോട്ടമോടിയിരുന്നവര്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വണ്ടൻപതാൽ, കോരൂത്തോട്, കൊമ്പുകുത്തി, കുഴിമാവ്, ആനക്കല്ല്, കാളകെളി, 116, മാങ്ങാ പേട്ട,504, കൂട്ടിക്കൽ, ഇളംകാട് ടോപ്പ്, കരിങ്കല്ലുംമൂഴി ഇവിടങ്ങളിലെല്ലാം വ്യാജവാറ്റ് ഉഷാറാണ്. കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും മലയോരമേഖലയില്‍ വ്യാജമദ്യലോബി പിടിമുറുക്കിയിരുന്നു.
വ്യാജ ചാരായ നിർമ്മാണത്തിൻ്റെ പ്രധാനകേന്ദ്രം കൊമ്പുകുത്തിയാണ്.ഇവിടെ നിന്നാണ് മറ്റ് സ്ഥലങ്ങളിലേക്ക് ചാരായമെത്തുന്നത്. 800 രൂപയ്ക്ക് കൊമ്പുകുത്തിയിൽ ഒരു കുപ്പി ചാരായം ലഭിക്കും.ഇത് രണ്ടായിരം രൂപയ്ക്കാണ് മറിച്ച് വിൽക്കുന്നത്. കൊമ്പുകുത്തിയിൽ നിന്നും വണ്ടൻപതാലിലേക്ക് ചാരായമെത്തിക്കുന്നത് വണ്ടൻപതാൽ ജംഗ്ഷന് സമീപം മൈക്കോളജി വഴിയിൽ താമസിക്കുന്ന എസ്റേററ്റ് സൂപ്പർവൈസറുടെ നേതൃത്വത്തിലാണ്.
വീടുകള്‍ കേന്ദ്രീകരിച്ചും ,വന അതിർത്തികൾ കേന്ദ്രീകരിച്ചുമാണ് വാറ്റ്. എക്സൈസ് തിരിഞ്ഞ് നോക്കുന്നില്ലന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
ഓര്‍ഡര്‍ നല്‍കിയാല്‍ നിശ്ചിതസ്ഥലത്ത് മണിക്കൂറുകള്‍ക്കകം സാധനം എത്തും. വില ജാസ്തിയാണെന്ന് മാത്രം, വ്യജമദ്യം വില്‍ക്കാന്‍ കരാര്‍ അടിസ്ഥാനത്തില്‍ അനവധി പേര്‍ കളത്തില്‍ സജീവമാണ്.
വനപാലകര്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചാണ് വാറ്റുലോബിയുടെ പ്രവര്‍ത്തനം .
യുവാക്കള്‍ കൂടുതലും ചാരായം കടത്തുന്നത് ബൈക്കുകളിലാണ്. ചാരായം കടത്തുന്നതിന് കാളകെട്ടി, കുഴിമാവ് ഭാഗത്ത് സ്ത്രീകളും രംഗത്തുണ്ട്.
ലോക്ക്ഡൗണ്‍ പരിശോധനകള്‍ നടക്കുന്നതിനാല്‍ പൊലീസിന് വേണ്ട രീതിയില്‍ വാറ്റുലോബികള്‍ക്കെതിരെ കളത്തിലിറങ്ങാന്‍ കഴിയാത്ത സ്ഥിതി വിശേഷവുമുണ്ട്. അതേ സമയം മറ്റ് ജോലികളൊന്നും ചെയ്യേണ്ടാത്ത എക്സൈസ് പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കാറുമില്ല. ഇതിന് പിന്നിൽ മാസപ്പടിയാണെന്നാണ് ആരോപണം.
കഴിഞ്ഞ ലോക്ക്ഡൗണ്‍കാലത്ത് ഒരു കുപ്പി നാടന്‍ ചാരായത്തിന് 1000-1500 രൂപയായിരുന്നു വില. എന്നാല്‍ ഇപ്പോള്‍ ഇത് 2000 രൂപയായി. വില കൂടിയെങ്കിലും വില്പനയ്ക്ക് കുറവില്ല. പ്ലാസ്റ്റിക് കവറില്‍ നിറച്ച ചാരായവും വിപണിയില്‍ സുലഭമാണ്. 200 മുതല്‍ 500വരെയാണ് കവര്‍ ചാരായത്തിന്റെ വില. കളര്‍ ചേര്‍ത്ത് കുപ്പികളില്‍ നിറച്ച നാടന്‍ മദ്യവും വിദേശമദ്യമെന്ന പേരില്‍ വിപണിയിലുണ്ട്. ചാരായത്തിന് ആശ്യക്കാര്‍ കൂടുന്നതനുസരിച്ച് വിലയും കൂടുന്ന രീതിയാണ് നിലവിലുള്ളത്.