
സ്വന്തം ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയത്തും സമീപമേഖലകളിലും കാര്‍ഷിക വിളകളുടെ മോഷണം വ്യാപകമാകുന്നു. പുരയിടത്തില്‍ കര്‍ഷകര്‍ നട്ടുവളര്‍ത്തുന്ന കപ്പ, വാഴക്കുല, തേങ്ങ, ചക്ക വരെയാണ് മോഷ്ടാക്കള്‍ കവരുന്നത്. വിലപിടിപ്പുള്ള റബറും കുരുമുളകും കാപ്പിക്കുരുവുമൊക്കെ മുൻപ് മോഷണം നടക്കുമ്പോള്‍ ആളുകള്‍ പോലീസില്‍ പരാതി നല്‍കുകയും പല മോഷ്ടാക്കളെയും പോലീസ് പിടികൂടുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നു മോഷണത്തിന്‍റെ ശൈലി മാറി. പുരയിടത്തില്‍ നില്‍ക്കുന്ന കപ്പ ചുവടെ കള്ളന്മാര്‍ കവരും. അതുപോലെ ഏത്തക്കുലയും. പിറകെ നടക്കാൻ പറ്റില്ലാത്തതുകൊണ്ടും പിറകെ പോയാല്‍ അതിലേറെ ചെലവാകുമെന്നതുകൊണ്ടും കര്‍ഷകരാരും പരാതിയുമായി രംഗത്തുവരുന്നില്ല.
ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മോഷണം പോകുന്നത് അടയ്ക്കയാണ്. അടയ്ക്കാ വില കുത്തനെ ഉയര്‍ന്നതോടെ തോട്ടം മേഖലയിലെ ഒരു കമുകില്‍ പോലും അടയ്ക്കയില്ല. മോഷ്ടാക്കള്‍ കൂട്ടത്തോടെയാണ് ഇവ പറിച്ചു കൊണ്ടുപോകുന്നത്. മുണ്ടക്കയത്തിനു സമീപമുള്ള ഒരു എസ്റ്റേറ്റില്‍ ആയിരക്കണക്കിന് കമുകാണ് സ്വകാര്യ വ്യക്തി എല്ലാ വര്‍ഷവും പാട്ടത്തിന് എടുത്തിരുന്നത്. എന്നാല്‍, വില ഉയര്‍ന്ന ഈ വര്‍ഷം പാട്ടത്തിന് എടുക്കാൻ ആരും തയാറായില്ല. വ്യാപകമായി മോഷണം നടക്കുന്നതു മൂലം തങ്ങള്‍ക്ക് ഒന്നും ലഭിക്കില്ലെന്നാണ് കരാറുകാര്‍ പറയുന്നത്. വാഴക്കുലയുടെ അവസ്ഥയും ഇതുതന്നെ. കാവല്‍ നിന്നില്ലെങ്കില്‍ കുല മോഷ്ടാക്കള്‍ കൊണ്ടുപോകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും നാളുകള്‍ക്കു മുൻപ് മുണ്ടക്കയം പൈങ്ങനയ്ക്കു സമീപം പുരയിടത്തില്‍നിന്നു കപ്പ പറിച്ചുകൊണ്ടു പോയി വഴിവക്കില്‍ വച്ചു വിറ്റ സംഭവമുണ്ടായി. ഉടമ പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് എത്തി ഉടമയ്ക്കു നഷ്ടപരിഹാരം വാങ്ങിനല്‍കി. ഒരു കാലത്ത് ആര്‍ക്കും വേണ്ടാതെ കിടന്ന ചക്കയ്ക്ക് ഇപ്പോള്‍ മറുനാട്ടില്‍ വമ്പൻ ഡിമാൻഡ് ആണ്.
സീസണില്‍ വലിയ ചക്കവ്യാപാരം മുണ്ടക്കയത്തും സമീപപ്രദേശങ്ങളിലും നടക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഇതുവഴി മികച്ച വരുമാനവും ലഭിക്കും. എന്നാല്‍, ആളില്ലാത്ത പുരയിടത്തിലെ ചക്കകള്‍ വ്യാപകമായാണ് മോഷണം പോകുന്നത്. ചക്ക മോഷ്ടിച്ചു എന്ന പേരില്‍ പരാതി കൊടുക്കാൻ ആരും മുന്നോട്ടു വരികയുമില്ല. കാര്‍ഷിക വിളകളുടെ വില ഉയരുമ്പോള്‍ മോഷ്ടാക്കളുടെ ശല്യം കര്‍ഷകര്‍ക്കു തീരാ തലവേദനയാണ് സൃഷ്ടിക്കുന്നത്.