
മുണ്ടക്കയം: വാർക്കപ്പണിയെടുത്തും ഓട്ടോറിക്ഷ ഓടിച്ചും ജീവിക്കുന്നതിനിടയിൽ മനോഹരൻ നേടിയ ഡോക്ടറേറ്റ് അതിമനോഹരം. നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും സൗന്ദര്യമാണ് ഈ ഡോക്ടറേറ്റിനെ വേറിട്ടതാക്കുന്നത്. മുണ്ടക്കയം താന്നിക്കപതാൽ നടുപുരയിടത്തിൽ മനോഹരനാണ് സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി നാടിന് അഭിമാനമായത്.
കൂലിപ്പണിക്കാരായ കുഞ്ഞെചെറുക്കന്റെയും അമ്മിണിയുടെയും മകനായ മനോഹരന് അധ്യാപക ജീവിതം മാനംമുട്ടേയുള്ള ഒരു സ്വപ്നമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയതോടെ തന്റെ സ്വപ്നത്തിനരികെ എത്തിയിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.
മുരിക്കുംവയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ചങ്ങനാശേരി എൻഎസ്എസ് കോളജിൽനിന്നുമാണ് ബിരുദം നേടിയത്. തുടർന്ന് കേരള സർവകലാശാലയിൽനിന്നു സാമ്പത്തിക ശാസ്ത്രത്തിൽ എംഫിൽ പൂർത്തിയാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വീട്ടിലെ കഷ്ടപ്പാടുകൾ രൂക്ഷമായതോടെ പഠനത്തിന്റെ ഇടവേളയിൽ വാർക്കപ്പണിക്കും ഓട്ടോറിക്ഷ ഓടിക്കാനും പോയി. പകൽ അധ്വാനവും രാത്രിയിൽ ഉറക്കമൊഴിച്ചു പഠനവുമായാണ് നേട്ടത്തിലേക്ക് ചുവടുവച്ചത്. അധ്യാപനത്തിലൂടെ അറിവു പകരുന്നതിനൊപ്പം കൂടുതൽ പഠിക്കാനുള്ള തീരുമാനത്തിലാണ് ഇദ്ദേഹം.
ബിരുദാനന്തര ബിരുദവും പിഎച്ച് ഡിയും എംഫിലും കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം കാമ്പസിലാണ് ചെയ്തത്. കോഴിക്കോട് ചേരനല്ലൂർ ശ്രീനാരായണഗുരു കോളജ് പ്രിൻസിപ്പലും അസോസിയേറ്റ് പ്രഫസറുമായ ഡോ.എസ്.പി.കുമാറായിരുന്നു ഗൈഡ്. വാർക്കത്തൊഴിലാളി യൂണിയൻ (സിഐടിയു) മുണ്ടക്കയം പുലിക്കുന്ന് യൂണിറ്റ് അംഗമാണ്.