play-sharp-fill
മുണ്ടക്കയം ടൗണില്‍ തട്ടിപ്പുകാരുടെ വിളയാട്ടം ; എ.ഐ.യുമില്ല, സി.സി.ടി.വിയുമില്ല ; കുറ്റകൃതൃങ്ങളും തട്ടിപ്പുകളും പെരുകിയിട്ടും കണ്ടെത്താനാകാതെ പൊലീസ് ; ക്യാമറ കണ്ണ് തുറക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നതും കാത്ത് നാട്ടുകാർ

മുണ്ടക്കയം ടൗണില്‍ തട്ടിപ്പുകാരുടെ വിളയാട്ടം ; എ.ഐ.യുമില്ല, സി.സി.ടി.വിയുമില്ല ; കുറ്റകൃതൃങ്ങളും തട്ടിപ്പുകളും പെരുകിയിട്ടും കണ്ടെത്താനാകാതെ പൊലീസ് ; ക്യാമറ കണ്ണ് തുറക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നതും കാത്ത് നാട്ടുകാർ

സ്വന്തം ലേഖകൻ

മുണ്ടക്കയം: എ.ഐ.യുമില്ല, സി.സി.ടി.വിയുമില്ല, മുണ്ടക്കയത്ത് തട്ടിപ്പുകാരുടെ വിളയാട്ടം.ടൗണിലും പരിസരങ്ങളിലും തട്ടിപ്പുകാര്‍ വിലസുമ്ബോള്‍ മേഖലയില്‍ ഇവരെ പിടിക്കാൻ പേരിനുപോലും ഒരു കാമറ പോലുമില്ലാത്ത പ്രധാന ടൗണുകളിലൊന്നായി മാറിയിരിക്കുകയാണ് മുണ്ടക്കയം.

എല്ലാ ടൗണിലും മോട്ടോര്‍ വാഹനവകുപ്പിന്റെ എ.ഐ കാമറയും പൊലീസിന്റെ സി.സി.ടി.വി കാമറയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ ഹൈറേഞ്ചിന്റെ കവാടമായ മുണ്ടക്കയം ടൗണില്‍ മാത്രം ഇതൊന്നും ഇല്ല. ടൗണ്‍ കേന്ദ്രീകരിച്ച്‌ കുറ്റകൃതൃങ്ങളും തട്ടിപ്പുകളും പെരുകിയിട്ടും കാമറ സ്ഥാപിക്കാത്തതില്‍ പൊതുജനം പ്രതിഷേധത്തിലാണ്.

കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമായതിനാല്‍ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ടൗണ്‍ വഴി കടന്നുപോകുന്നത്. ഇതില്‍ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളും പെടും. കഴിഞ്ഞദിവസം പട്ടാപ്പകല്‍ വൃദ്ധയുടെ കൈയില്‍ നിന്നും പണവും ലോട്ടറിയും തട്ടിയെടുത്ത് യുവാവ് മുങ്ങിയിരുന്നു. യുവാവിനെ തേടി വൃദ്ധ ടൗണ്‍ മൊത്തം പരക്കം പാഞ്ഞെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ കാമറ ഉണ്ടായിരുന്നെങ്കില്‍ യുവാവിനെ കണ്ടെത്താനാകുമായിരുന്നു. ബസ്റ്റാന്‍ഡിലും വാക്കേറ്റവും കൈയാങ്കളിയും പതിവാണ്.

സ്വകാര്യ ബസിലെ ജീവനക്കാര്‍ തമ്മിലും വാക്കേറ്റവും സംഘര്‍ഷവും പതിവുസംഭവമാണ്. ഇവയെല്ലാം നിയന്ത്രിക്കാൻ പൊലീസിന്റെ സേവനവും നന്നേ കുറവാണ്. ജെസ്‌ന തിരോധാനം ഉള്‍പ്പെടെ പല കേസുകള്‍ വന്നപ്പോഴും പൊലീസിന് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലെ കാമറകളെ ആശ്രയിക്കേണ്ടി വന്നു. ഇത്തരം കാമറകളിലെ ദൃശ്യങ്ങളുടെ തെളിച്ചം കുറവാകുന്നത് പലപ്പോഴും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിനയാകാറുണ്ട്.

അധികം വ്യാപരസ്ഥാപനങ്ങളും പുറത്ത് കാമറകള്‍ സ്ഥാപിച്ചിട്ടില്ലായെന്നതും പൊലീസിന് വെല്ലുവിളിയാണ്. ഇക്കാരണത്താല്‍ തന്നെ തൊട്ടടുത്ത കടയില്‍ മോഷണം നടന്നാല്‍ പോലും പ്രതിയെ തിരിച്ചറിയാന്‍ സാധിക്കില്ല. മാലിന്യം തള്ളുന്ന വാഹനം പിടികൂടാനും സാധിക്കുന്നില്ല.

രണ്ടുവര്‍ഷം മുമ്ബ് പട്ടാപ്പകല്‍ സ്റ്റാന്‍ഡിനുള്ളില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയിരുന്നു. ബൈക്ക് ഉടമയും സുഹൃത്തുക്കളും ചേര്‍ന്ന് കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ വ്യക്തിയുടെ വീട്ടുമുറ്റത്തെ കാമറയില്‍ നിന്നാണ് മോഷ്ടാക്കള്‍ ബൈക്ക് ഓടിച്ചുപോകുന്ന ദൃശ്യങ്ങള്‍ കണ്ടുപിടിച്ചത്.

ബൈപ്പാസ് റോഡില്‍ ഉള്‍പ്പെടെ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുണ്ടക്കയം ടൗണില്‍ കാമറകള്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും തുടര്‍നടപടികളുണ്ടായില്ല. സ്വകാര്യ കമ്ബനിവഴി പദ്ധതി നടപ്പാക്കാനും നീക്കം നടത്തിയിരുന്നു. മുണ്ടക്കയത്ത് എന്ന കാമറ കണ്ണ് തുറക്കാനാവശ്യമായ നടപടി സ്വീകരിക്കുന്നത്കാത്തിരിക്കുകയാണ് നാട്ടുകാര്‍.