
മുണ്ടക്കയം ബൈപാസില്‍ അപകടങ്ങൾ പതിവ് കാഴ്ച്ചയാകുന്നു ; അഭ്യാസപ്രകടനക്കാരുടെ ലൊക്കേഷനായി ഇവിടം ; അപകടങ്ങൾ പലതും സോഷ്യൽ മീഡിയയിൽ റീല്‍സ് ഇടാന്‍ വീഡിയോ എടുക്കുന്നതിനിടെ ; കഴിഞ്ഞ 3 ദിവസങ്ങളിൽ രണ്ട് അപകടങ്ങളിലായി പരുക്കേറ്റത് 4 പേർക്ക് ; ഭീതിയോടെ കാൽനടയാത്രക്കാർ ; വേഗനിയന്ത്രണ സംവിധാനങ്ങള്‍ അടക്കമുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാതെ അധികാരികൾ
സ്വന്തം ലേഖകൻ
മുണ്ടക്കയം: അമിത വേഗത്തിൽ വാഹനം ഓടിച്ച് സോഷ്യൽ മീഡിയയിൽ റീല്‍സ് ഇടാനും സംഘങ്ങളായി തിരിഞ്ഞു റെസിങ് നടത്തുന്നവുടെയും ഇഷ്ടകേന്ദ്രമായി മുണ്ടക്കയം ബൈപാസ്. അമിത വേഗത്തല്‍ പായുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു.
സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയാണ് യുവാക്കൾ സോഷ്യൽ മീഡിയയിൽ റീൽസ് എടുക്കാനായി അഭ്യാസം നടത്തുന്നത്. മറ്റ് വാഹനങ്ങൾ അധികം പോകാത്തതിനാൽ അഭ്യാസപ്രകടനക്കാരുടെ ലൊക്കേഷനായി ഇവിടം മാറിയിരിക്കുകയാണ്. ഭീതിയോടെയാണ് കാൽനടയാത്രക്കാർ പോലും ഇതുവഴി കടന്നുപോകുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈപാസില്‍ പെരുകുന്ന അപകടങ്ങള്‍ തടയുന്നതിന് വേഗനിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഇതുവരെ നടപ്പിലായിട്ടില്ല. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് അധികാരികള്‍ക്ക് അറിയാം.
എന്നാല്‍ വേഗനിയന്ത്രണത്തിനുള്ള സംവിധാനങ്ങളൊന്നും ബൈപാസിലില്ല. ബൈപാസിലൂടെ കാറുകള്‍ക്ക് അനുവദിച്ചിട്ടുള്ള വേഗം 70 കിലോമീറ്ററാണ്. എന്നാല്‍, രാത്രിയില്‍ 90 മുതല്‍ 120 വരെ വേഗതയില്‍ വാഹനം ഓടിച്ച് അത് വാട്സ്ആപ്പ് സ്റ്റാറ്റസും, ഇന്‍സ്റ്റാഗ്രാം, ഫേസ്ബുക്കില്‍ റീല്‍സ് ഇടാനുമാണ് യുവാക്കള്‍ക്ക് താല്‍പര്യം. ബൈപാസ് ചെക്കിങ്, ക്യാമറകള്‍ ഇല്ലാത്തതും വാഹനങ്ങള്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ പായുന്നതിന് പോലും വഴിയൊരുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ബൈപാസ് റോഡില്‍ അമിത വേഗത്തിൽ എത്തിയ ആഡംബര കാർ നിയന്ത്രണം വിട്ട് രണ്ടു വാഹനങ്ങളിൽ ഇടിച്ചുകേറി ഉണ്ടായ അപകടത്തിൽ മൂന്ന് പേര്‍ക്ക് പരുക്കേറ്റിരുന്നു. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും അമിത വേഗത്തില്‍ വന്ന ആഡംബര കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിലും ഓട്ടോറിക്ഷയിലും ഇടിച്ചു കേറുകയാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ 3 ദിവസങ്ങളിൽ രണ്ട് അപകടങ്ങളിലായി 4 പേർക്കാണ് പരുക്കേറ്റത്. അപകടങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.