
മുണ്ടക്കയം: യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ ദേശീയപാതയില്‍ നടത്തിയ നവീകരണ പ്രവർത്തനം വലിയ ഗതാഗതക്കുരുക്കിനിടയാക്കി.
തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ദേശീയപാതയില്‍ പൈങ്ങനയ്ക്കു സമീപം റോഡില്‍ സ്ഥിരമായി കുഴി രൂപപ്പെടുന്ന കൊടും വളവില്‍ നവീകരണം ആരംഭിച്ചത്. ഇന്നലെ രാവിലെ സ്കൂള്‍ സമയത്തടക്കം മണ്ണുമാന്തി യന്ത്രവും ലോറിയും നിരത്തിയുള്ള റോഡിലെ ജോലികള്‍ വലിയ ഗതാഗതക്കുരുക്കിനാണ് ഇടയാക്കിയത്.
ചിറ്റടി മുതല്‍ മുണ്ടക്കയം എസ്‌എൻഡിപി ജംഗ്ഷൻ വരെയുള്ള മൂന്നു കിലോമീറ്ററോളം ദൂരത്തില്‍ വാഹനങ്ങളുടെ നീണ്ട നിരയായി. വാഹനങ്ങള്‍ ഗതാഗത കുരുക്കില്‍പ്പെട്ടതിനാല്‍ ഓണപ്പരീക്ഷയ്ക്ക് ഒട്ടുമിക്ക വിദ്യാർഥികള്‍ക്കും സമയത്ത് സ്കൂളുകളില്‍ എത്താനും കഴിഞ്ഞില്ല.
പൈങ്ങന ബൈപാസ് ജംഗ്ഷനില്‍ ഇരുവശത്തുനിന്നും വാഹനങ്ങള്‍ എത്തിയതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. എന്നാല്‍, ഇവിടെ ഗതാഗതം നിയന്ത്രിക്കാൻ അധികൃതർ ആരും ഉണ്ടാകാതെ വന്നതോടെ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്നു ഗതാഗതം നിയന്ത്രിക്കേണ്ടിയും വന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വലിയ തിരക്കുള്ളസമയത്ത് നടക്കുന്ന നിർമാണ പ്രവർത്തനത്തിനെതിരേ വ്യാപക പ്രതിഷേധമുയർന്നതോടെ പകല്‍സമയത്തെ നിർമാണ പ്രവർത്തനം നിർത്തിവച്ചു. രാത്രിയില്‍ വാഹനങ്ങള്‍ കുറവുള്ള സമയങ്ങളില്‍ ചെയ്യേണ്ട നിർമാണപ്രവർത്തനം യാതൊരു മുൻകരുതലുമില്ലാതെ പകല്‍സമയത്ത് നടത്തിയതുമൂലം മണിക്കൂറുകളോളം ജനം വലഞ്ഞു.