
മുണ്ടക്കയം: പൈങ്ങനയിൽ വേളാങ്കണ്ണി തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ പ്രദേശത്ത് സംഘർഷാവസ്ഥ.
അർദ്ധരാത്രിയിൽ മദ്യപിച്ചെത്തിയ യുവാക്കൾ തടി ലോറി ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു. ഇന്നലെ രാത്രി 12 മണിയോടെ പൈങ്ങന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിക്ക് മുന്നിലായിരുന്നു സംഭവം.
വേളാങ്കണ്ണി ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് പള്ളിക്ക് മുൻപിൽ അപകടത്തിൽപ്പെട്ടത്. വാഹനത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചെങ്കിലും, സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടം നടന്ന സമയത്ത് ഇതുവഴി വന്ന തടി ലോറി ഡ്രൈവറെയാണ് ഒരു സംഘം മദ്യപാനികൾ തടഞ്ഞുനിർത്തി മർദ്ദിച്ചത്. ലോറിയിൽ നിന്നും വലിച്ചിറക്കി ഇദ്ദേഹത്തെ ക്രൂരമായി പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുണ്ടക്കയം പോലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
പോലീസ് ഇടപെട്ട് അപകടത്തിൽപ്പെട്ട വാഹനം റോഡരികിലേക്ക് മാറ്റുകയും ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തു. മർദ്ദനമേറ്റ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലേക്കും, കാർ യാത്രക്കാരെ പോലീസ് സ്റ്റേഷനിലേക്കും മാറ്റി.
എന്നാൽ പോലീസ് മടങ്ങിയതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന യുവാക്കൾ വീണ്ടും സംഘടിക്കുകയും സംഘർഷത്തിന് മുതിരുകയും ചെയ്തു. നാട്ടുകാർ സംഘടിച്ചെത്തിയതോടെയാണ് അക്രമിസംഘം അവിടെ നിന്നും പിരിഞ്ഞുപോയത്.
രാത്രിയിൽ പൈങ്ങന മേഖലയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം വർദ്ധിച്ചുവരികയാണെന്നും, പോലീസ് പട്രോളിംഗ് സജീവമാക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.




