
സ്വന്തം ലേഖകൻ
മുണ്ടക്കയം ഈസ്റ്റ്: മുണ്ടക്കയത്ത് കണ്ടത് പുലിയല്ല, പൂച്ചപുലിയെന്ന് വനപാലകർ. ഇഡികെ ഡിവിഷനിലെ ജോമോന് വലിയപാടത്തിന്റെ പശുക്കുട്ടിയാണ് അജ്ഞാതജീവിയുടെ ആക്രമണത്തില്‍ ചത്തത്.
തൊഴുത്തില്‍ കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ രാവിലെ അഴിച്ചുവിടാന്‍ എത്തിയപ്പോഴാണ് ചത്ത നിലയില്‍ കണ്ടത്. പശുക്കിടാരിയുടെ പകുതിഭാഗം ഭക്ഷിച്ച നിലയിലുമാണ്. കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ജോമോന്റെ മറ്റൊരു പശുക്കിടാവിനെയും വന്യജീവി ആക്രമിച്ചു കൊന്നിരുന്നു. എസ്റ്റേറ്റ് മേഖലയിലെ ഒരു പ്രധാന വരുമാന മാര്‍ഗമാണ് പശു വളര്‍ത്തല്‍. അജ്ഞാതജീവിയുടെ ആക്രമണം പതിവായതോടെ ഇതും വഴിമുട്ടിയ അവസ്ഥയിലാണ്.
കഴിഞ്ഞ അഞ്ചുമാസത്തിനിടെ ഇഡികെ, കൊമ്പുകുത്തി, ചെന്നാപ്പാറ, കടമാന്‍കുളം തുടങ്ങിയ മേഖലകളിലായി വളര്‍ത്തു നായ്ക്കളും പശുക്കളും ഉള്‍പ്പെടെ ഇരുപതോളം മൃഗങ്ങളെയാണ് വന്യജീവി ആക്രമിച്ചു കൊന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇഡികെ രണ്ടാം ഡിവിഷനില്‍ പശുക്കിടാവിനെ സമാനമായ രീതിയില്‍ ചത്തനിലയില്‍ കണ്ടെത്തിയതോടെ വനംവകുപ്പ് മേഖലയില്‍ കൂട് സ്ഥാപിച്ചെങ്കിലും പുലിയെ പിടികൂടാനായില്ല.
പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാനായി പ്രദേശത്ത് വിവിധ ഭാഗങ്ങളില്‍ വനംവകുപ്പ് കാമറ സ്ഥാപിച്ചെങ്കിലും ഇതിലും പുലിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും എസ്റ്റേറ്റ് മേഖലയില്‍ വന്യജീവി ആക്രമണം ഉണ്ടായിരിക്കുന്നതു തൊഴിലാളി കുടുംബങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.