
മുണ്ടക്കയത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ തൂങ്ങി മരിച്ചു: മരണ വിവരം പുറത്തറിഞ്ഞത് വൈകുന്നേരത്തോടെ; പൊലീസ് അന്വേഷണം ആരംഭിച്ചു
സ്വന്തം ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയത്ത് വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടക്കയം കരിനിലം പ്ലാക്കപ്പടി ഇളയശേരിയിൽ അമ്മുക്കുട്ടി (68), മകൻ മധു (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷു ദിനത്തിൽ തിങ്കളാഴ്ച വൈകിട്ട് മൂന്നരയായിട്ടും വീട്ടിൽ നിന്നും ഒച്ചയും അനക്കവുമില്ലാതെ വന്നതോടെ അയൽവാസികൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സംഘം വീടിന്റെ വാതിൽ തുറന്ന് അകത്ത് പ്രവേശിച്ച് നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മുക്കുട്ടിയുടെ മൃതദേഹം വീട്ടിലെ ഹാളിലെ കട്ടിലിൽ കമന്ന നിലയിലായിരുന്നു. മൃതദേഹത്തിൽ പരിക്കുകൾ കണ്ടെത്തിയതായി പ്രാഥമിക പരിശോധയിൽ വ്യക്തമായിട്ടുണ്ട്. ഇതു കൂടാതെ രക്തം വാർന്നൊഴുകിയതായും കണ്ടെത്തിയിട്ടുണ്ട്. വീടിന്റെ അടുക്കളയിൽ മരിച്ച നിലയിലാണ് മകൻ മധുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മധു തൂങ്ങി മരിച്ചതായാണ് പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരിക്കുന്നത്. മധുവും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടു ദിവസമായി വീട്ടിൽ നിന്നും അനക്കം കേട്ടിരുന്നില്ലെന്ന് പൊലീസ് പറയുന്നു. ഇതു സംബന്ധിച്ചു നാട്ടുകാരും പരാതിപ്പെട്ടിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏറെ വൈകിയാണ് മൃതദേഹം കണ്ടെത്തിയത്. ഇതേ തുടർന്ന് പൊലീസ് നടപടികൾ വൈകി. വൈകിട്ട് അഞ്ചു മണിയ്ക്ക് ശേഷം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ മൃതദേഹങ്ങൾ വീട്ടിൽ നിന്നും നീക്കിയിട്ടില്ല. ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റും. തുടർന്ന് പോസ്റ്റ് മോർട്ടത്തോടെ മാത്രമേ മരണകാരണം വ്യക്തമാകൂ. ഇതിനു ശേഷം മാത്രമേ വീട്ടിലുണ്ടായ പ്രശ്‌നം എന്തെന്നും, മരണത്തിന്റെ കാരണം എന്തെന്നും കണ്ടെത്താൻ സാധിക്കൂ എന്ന് മുണ്ടക്കയം പൊലീസ് വ്യക്തമാക്കുന്നു.