മുണ്ടക്കയത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് വാഹനം ഓവർടേക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്; നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട കസ്റ്റഡിയിൽ: യുവാവ് കുത്തേറ്റ് മരിച്ചത് പ്രതികാരം ചെയ്ത വീഡിയോ പകർത്താൻ ഭാര്യയുമായി ഗുണ്ടയെ നേരിടാനെത്തിയപ്പോൾ; ആദർശ് കുത്തേറ്റു വീണത് ഭാര്യയുടെ കൺമുന്നിൽ
ക്രൈം ഡെസ്ക്
മുണ്ടക്കയം: മുണ്ടക്കയം കരിനിലം പോസ്റ്റ് ഓഫിസിനു സമീപത്ത് റോഡരികിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് വാഹനം ഓവർടേക്ക് ചെയ്തതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നു. നിരവധി കേസുകളിൽ പ്രതിയും ക്വട്ടേഷൻ സംഘത്തലവനുമായ മുണ്ടക്കയം സ്വദേശി ജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മുണ്ടക്കയം ബൈപ്പാസിനു സമീപം പടിവാതുക്കൽ ആദർശിനെ(32)യാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മുണ്ടക്കയത്ത് നടുറോഡിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയിൽ കൊല്ലപ്പെട്ട ആദർശും ഭാര്യയും കൂടി സുഹൃത്തിന്റെ വീട്ടിലേയ്ക്കു പോകുന്നതിനിടെ വരിക്കാനി ഭാഗത്തു വച്ച് പ്രതി ജയന്റെ വാഹനം റോഡിനു നടുവിൽ നിർത്തിയിട്ടിരിക്കുന്നതു കണ്ടു. ഇത് കണ്ട ആദർശ് ഹോൺ മുഴക്കിയ ശേഷം ജയന്റെ വാഹനത്തെ അമിത വേഗത്തിൽ മറികടന്നു. ഇത് കണ്ട ജയനും സുഹൃത്തുക്കളും ബൈക്കുമായി ആദർശിന്റെ പിന്നാലെ എത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്നു മുണ്ടക്കയം കരിനിലം ഭാഗത്തു വച്ച് ആദർശിനെ ജയനും സംഘവും മർദിച്ചു. ഇതിൽ പ്രതികാരം ചെയ്യാൻ ഉറപ്പിച്ച ആദർശ്, ഭാര്യയെയും കൂട്ടി ആദ്യം ജയന്റെ വീട്ടിലെത്തി. ഇവിടെ വച്ച് വാക്കു തർക്കമുണ്ടായി. ഇവിടെ നിന്നും ഇറങ്ങിയ ആദർശും ഭാര്യയും മുണ്ടക്കയം പോസ്റ്റ് ഓഫിസിനു സമീപം എത്തിയപ്പോൾ പ്രതി ജയനും സംഘവും പിന്നാലെ എത്തി.
താൻ ജയനെ തല്ലാൻ പോകുകയാണെന്നും വീഡിയോ പകർത്തണമെന്നും ഭാര്യയോട് ചട്ടം കെട്ടിയ ആദർശ് ജയന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തോട് ഏറ്റുമുട്ടി. ഇതിനിടെ ജയൻ ആദർശിനെ കുത്തി വീഴ്ത്തുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാരും പൊലീസും എത്തിയപ്പോഴേയ്ക്കും പ്രതി ഓടിരക്ഷപെട്ടിരുന്നു. തുടർന്നു, ആദർശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിൽ എത്തിച്ചു. വൈകിട്ട് തന്നെ സംസ്കാരം നടത്തും. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയാണ് ഗുണ്ടയായ ജയൻ. ഇയാളുടെ അറസ്റ്റ് വൈകിട്ട് തന്നെ രേഖപ്പെടുത്തും.