കോടികൾ മുടക്കി നിർമ്മിച്ച ബൈപ്പാസ് നോക്കുകുത്തിയാകുന്നു; ​ഗതാ​ഗതകുരുക്കിൽ വലഞ്ഞ് മുണ്ടക്കയം ന​ഗരം

Spread the love

സ്വന്തം ലേഖകൻ

മുണ്ടക്കയം : കോടികള്‍ മുടക്കി നിര്‍മ്മിച്ച മുണ്ടക്കയം ബൈപ്പാസ് നോക്കുകുത്തിയാകുമ്പോൾ ന​ഗരത്തിലെ ഗതാഗതക്കുരുക്കിന് കുറവൊന്നുമില്ല.

നാമമാത്രമായ വാഹനങ്ങളാണ് നിര്‍മ്മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ബൈപ്പാസിലൂടെ പോകുന്നത്. മുണ്ടക്കയം കോസ്റ്റ് ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച്‌ പൈങ്ങനാ പാലത്തിന് സമീപം എത്തുന്നതാണ് ബൈപ്പാസ്. എന്നാല്‍ ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേയ്ക്ക് വാഹനങ്ങള്‍ കയറേണ്ട പൈങ്ങനാ പാലത്തിനു സമീപം ചെറിയ ബോര്‍ഡാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടില്ല. ടൗണില്‍ നിന്ന് വാഹനങ്ങള്‍ തിരിഞ്ഞു പോകേണ്ട കോസ്റ്റ് ജംഗ്ഷനിലും ദേശീയപാത വിഭാഗം മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്യാലക്സി ജംഗ്ഷന്‍ മുതല്‍ കല്ലേപാലം വരെ ദേശീയപാതയുടെ ഇരുവശങ്ങളിലും യാതൊരു നിയന്ത്രണവുമില്ലാതെ ആണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇതാണ് കുരുക്കിന് ഇടയാക്കുന്നത്.

മുണ്ടക്കയം ബസ് സ്റ്റാന്‍ഡിനുള്ളില്‍ പഞ്ചായത്തിലെയും ഇതു കൂടാതെ ടൗണില്‍ സ്വകാര്യ വാഹന പാര്‍ക്കിംഗ് സൗകര്യം ഉണ്ടെങ്കിലും ആരും പ്രയോജനപ്പെടുത്തുന്നില്ല. സ്കൂള്‍ തുറന്നതോടെ ടൗണില്‍ വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. രാവിലെയും വൈകിട്ടും അതിരൂക്ഷമായ ഗതാഗതക്കുരുക്കാണ്. ആംബുലന്‍സുകള്‍ അടക്കം ഇതില്‍പ്പെട്ട് പോകും.

നിലവില്‍ ബൈപ്പാസ് വാഹന പാര്‍ക്കിംഗിന് വേണ്ടിയുള്ള സ്ഥലം മാത്രമായിരിക്കുകയാണ്. മുന്നറിയിപ്പ് ബോര്‍ഡ് അടക്കമുള്ളവ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ദേശീയപാത വിഭാഗം ഉറപ്പുനല്‍കിയെങ്കിലും തുടര്‍നടപടി ഒന്നുമുണ്ടായില്ല. ബൈപ്പാസ് തിരിച്ചറിയുന്നതിനായി മതിയായ സിഗ്നല്‍ സംവിധാനം ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.