
വിവാഹ ബന്ധം വേർപ്പെടുത്താൻ കോടതിയിലെത്തിയ മുണ്ടക്കയം സ്വദേശിയായ യുവതിയെ ജഡ്ജി കോടതിയിൽ നിന്നും ഇറക്കിവിട്ടു
സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: വിവാഹബന്ധം വേർപെടുത്തുന്നതിനായി വിദേശത്തു നിന്നെത്തിയ യുവതിയെ കുടുംബക്കോടതിയിൽ നിന്നും ജഡ്ജ് ഇറക്കി വിട്ടു. സർക്കാർ നിർദ്ദേശം പാലിക്കാത്തതിനാണ് ജഡ്ജിയുടെ ഈ നടപടി. കൊറോണ വൈറസ് ബാധയെ തുടർന്ന് വിദേശത്ത് നിന്നും വരുന്നവർ നിരീക്ഷണത്തിൽ കഴിയണമെന്ന് നിർദേശം പാലിക്കാതെ കോടതിയിൽ എത്തിയതിനാണ് മുണ്ടക്കയം സ്വദേശിയായ യുവതിയെ കുടുംബക്കോടതി ജഡ്ജി കോടതിയിൽ നിന്നു പുറത്തിറക്കി വിട്ടത്.
വിദേശത്തു നിന്നെത്തിയതാണെന്നും ഉടനെ തിരിച്ചു പോകേണ്ടതിനാൽ കേസ് പരിഗണിക്കണമെന്നുമാവശ്യപ്പെട്ട് അഭിഭാഷകനുമായാണു യുവതി കോടതിയിലെത്തിയത്. വിദേശത്തു നിന്നെത്തിയിട്ടും സർക്കാർ നിർദേശങ്ങൾ അനുസരിച്ചുള്ള നിരീക്ഷണത്തിൽ കഴിയാതെ കോടതിയിൽ എത്തിയതാണു ജഡ്ജിയെ പ്രകോപിപ്പിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരോട് ഇറങ്ങിപ്പോകാൻ ജഡ്ജി ആവശ്യപ്പെട്ടു. തുടർന്നു മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിൽ വിളിച്ച് വിവരം അറിയിച്ചു. പൊലീസ് എത്തി ഇവരോടു കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചാണു പറഞ്ഞു വിട്ടത്. ഇവർ പിന്നീട് ആശുപത്രിയിൽ എത്തിയതായി വിവരം ലഭിച്ചുവെന്നു പൊലീസ് വ്യക്തമാക്കി.