
മുംബൈ:വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് ആദ്യജയം. ഡൽഹി ക്യാപിറ്റൽസിനെ 50 റൺസിന് തോൽപ്പിച്ചു.
ആദ്യം ബാറ്റുചെയ്ത മുംബൈ 20 ഓവറിൽ നാല് വിക്കറ്റിന് 195 റൺസെടുത്തു. ഡൽഹി 19 ഓവറിൽ 145 റൺസിന് പുറത്തായി.
കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് തുടക്കംമുതൽ താളംതെറ്റി. ഓപ്പണർമാരായ ലിസെല്ലെ ലീ (10), ഷെഫാലി വർമ (എട്ട്), ലൗറ വോൾവർത്ത് (ഒൻപത്), ക്യാപ്റ്റൻ ജമീമ റോഡ്രിഗസ് (ഒന്ന്), മരിസാന കാപ്പ് (10), നിക്കി പ്രസാദ് (12) എന്നിവർ പെട്ടെന്ന് മടങ്ങി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
33 പന്തിൽ 56 റൺസ് നേടിയ ചിനെല്ലെ ഹെൻറി മാത്രമാണ് പൊരുതിയത്. അഞ്ച് ഫോറും മൂന്ന് സിക്‌സും ഇന്നിങ്‌സിലുണ്ട്. മുംബൈക്കായി നിക്കോള കാരിയും അമേലിയ കെറും മൂന്നുവീതം വിക്കറ്റെടുത്തു.
42 പന്തിൽ 74 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് മുംബൈ ഇന്നിങ്സിലെ ടോപ് സ്കോറർ. നാറ്റ് സീവർ ബ്രെന്റ് 46 പന്തിൽ 70 റൺസെടുത്തു.
ഇരുവരും മൂന്നാം വിക്കറ്റിൽ 66 റൺസ് കൂട്ടിച്ചേർത്തു. ഹർമൻപ്രീത് 34 പന്തിലാണ് അർധസെഞ്ചുറിയിലെത്തിയത്. എട്ട് ഫോറും മൂന്ന് സിക്‌സും ഇന്നിങ്‌സിലുണ്ട്. സീവർ ബ്രെന്റ് 13 ഫോറുകൾ നേടി.
ആദ്യമത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനോട് മൂന്ന് വിക്കറ്റിന് തോറ്റ മുംബൈ, ഡൽഹിക്കെതിരേ തുടക്കത്തിലെ തിരിച്ചടി മറികടന്നാണ് മികച്ച സ്‌കോറിലെത്തിയത്.
സ്‌കോർ ബോർഡിൽ രണ്ട് റൺസായപ്പോൾ ഓപ്പണർ അമേലിയ കെറിനെ (പൂജ്യം) ടീമിന് നഷ്ടമായി. 16 റൺസെടുത്ത സഹ ഓപ്പണർ ജി. കമാലിനിയും പുറത്തായപ്പോൾ സ്‌കോർ 51 റൺസായിരുന്നു.




