
കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് നിരീക്ഷിച്ച് ഹൈക്കോടതി ഡിവിഷന് ബെഞ്ച്. 1950ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളേജിനുള്ള ദാനമാണെന്നും ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ ഭൂമി വഖഫ് അല്ലാതായെന്നും കോടതി വ്യക്തമാക്കി.
മുനമ്പത്തെ ഭൂമി പരിശോധനയുമായി ബന്ധപ്പെട്ട്് നിയോഗിച്ച ജൂഡിഷ്യല്‍ കമ്മീഷന് നിയമനം റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിശോധിക്കവേയാണ് കോടതി ഈ നിലപാട് സ്വീകരിച്ചത്.
നേരത്തെ മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിലപാട് എടുത്തത്. വഖഫ് നിയമം അനുസരിച്ചുള്ള നടപടികളേ പറ്റൂവെന്നും പറഞ്ഞിരുന്നു. ഈ നിലപാടിനെയാണ് ഡിവിഷന് ബെഞ്ച് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്.
മുനമ്പത്തേത് വഖഫ് ഭൂമിയായി കാണാന്‍ കഴിയില്ല.1950ലെ ആധാരപ്രകാരമാണ് വഖഫ് ഭൂമി എന്ന നിലയില്‍ ഫറൂഖ് കോളേജിലേക്ക് വരുന്നത്. തിരിച്ചെടുക്കാനുള്ള വ്യവസ്ഥ അതില്‍ ഉള്‍പ്പെടുന്നു. ഭൂമി തിുരിച്ചെടുക്കാനുള്ള വ്യവസ്ഥ വന്നതോടെ അത് വഖഫ് അല്ലാതായി മാറിയെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.
അതേ സമയം ജുഡീഷ്യല്‍ കമ്മീഷന് നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് നടപടി.
ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന് നിയമനം റദ്ദാക്കിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.