
മുൻ എംപിമാർ ഔദ്യോഗിക വസതി ഉടൻ ഒഴിയണം ; ഇല്ലെങ്കിൽ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കും : മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ
സ്വന്തം ലേഖിക
ന്യൂഡൽഹി: കാലാവധി കഴിഞ്ഞിട്ടും ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞു കൊടുക്കാത്ത മുൻ എംപിമാർക്ക് കേന്ദ്രസർക്കാരിന്റെ അന്ത്യശാസനം. ഒരാഴ്ചയ്ക്കുള്ളിൽ ഔദ്യോഗിക വസതികൾ ഒഴിയണമെന്നാണ് ഇവർക്കു ലഭിച്ച നിർദ്ദേശം. അതേസമയം മൂന്നു ദിവസത്തിനുള്ളിൽ ഇവരുടെ വീട്ടിലേക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകൾ വിച്ഛേദിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പാർലമെന്റിന്റെ ഹൗസിംഗ്കമ്മിറ്റി അദ്ധ്യക്ഷൻ സി.ആർ. പാട്ടീൽ അറിയിച്ചു.
16-ാം ലോക്സഭ പിരിച്ചുവിട്ടെങ്കിലും പല മുൻ എംപിമാരും വസതി ഒഴിയാത്തതിനാൽ പുതിയ എംപിമാർക്ക് താമസ സൗകര്യം ഒരുക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ സൂചിപ്പിച്ചിരുന്നു. പുതിയ എംപിമാർക്ക് താമസസൗകര്യമൊരുക്കാൻ കഴിയുന്നില്ലെന്നും മണ്ഡലങ്ങളിൽ നിന്നുള്ള വരുന്ന അതിഥികളും ബുദ്ധിമുട്ടുന്നതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു. എംപിമാർ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ലോക്സഭ പിരിച്ചു വിട്ട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയണമെന്നാണ് ചട്ടം. മെയ് 25ന് 16-ാം ലോക്സഭ പിരിച്ചുവിട്ട് വിജ്ഞാപനമിറങ്ങിയെങ്കിലും പലരും വസതികളിൽ തുടരുകയാണ്. ചട്ടപ്രകാരം ജൂൺ 25നുള്ളിൽ വസതി ഒഴിയാത്തവർക്കാണ് കേന്ദ്രസർക്കാർ ഒഴിയാൻ നോട്ടീസ് അയച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
