മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസ്

മുംബൈ ഭീകരാക്രമണത്തിന് പത്ത് വയസ്

സ്വന്തം ലേഖകൻ

മുംബൈ: രാജ്യത്തെ മുൾമുനയിൽ നിർത്തിയ മുംബൈ ഭീകരാക്രമണം നടന്നിട്ട് പത്തുവർഷമാകുമ്പോൾ കേന്ദ്ര സംസ്ഥാന സുരക്ഷാ ഏജൻസികളുടെ ശക്തമായ നിരീക്ഷണത്തിലാണ് മുംബൈ സമുദ്രതീരം. ആക്രമണത്തിന്റെ പത്താംവർഷം പിന്നിടുമ്പോഴും തീരമേഖലയിലെ സുരക്ഷാക്രമീകരണങ്ങളിൽ അണുവിട പോലും വീഴ്ച്ച വരാതെ നോക്കുകയാണ് സുരക്ഷാ ഉദ്യോഗസ്ഥർ.

2008 നവംബറിൽ പാകിസ്ഥാനിൽ നിന്നെത്തിയ പത്ത് ഭീകരരാണ് മുംബൈയിൽ ആക്രമണം അഴിച്ചുവിട്ടത്. സമുദ്രമേഖലവഴിയുള്ള ഇവരുടെ വരവിനെക്കുറിച്ച് അന്ന് ഇന്ത്യൻ നാവിക സേനയക്കോ തീരദേശസുരക്ഷാ ഉദ്യോഗസ്ഥർക്കോ ഒരു സൂചന പോലും ലഭിച്ചിരുന്നില്ല. അന്ന് പറ്റിയ വീഴ്ച്ച ഇനിയൊരിക്കലും ഉണ്ടാകരുതെന്ന മുൻകരുതലോടെയാണ് പിന്നീട് മുംബൈയിലെ തീരപ്രദേശത്തെ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായി മുംബൈ പൊലീസ് ഒരു സമർപ്പിത മറൈൻ പോലിസിങ്ങ് യൂണിറ്റ് സ്ഥാപിച്ചു, ഇതിന്റെ അധികാരപരിധിയിൽ ആദ്യമായി ജലമാർഗങ്ങളും ഉൾപ്പെടുത്തുകയും ചെയ്തു. ഈ യൂണിറ്റിന് ശക്തി പകരാനായി കടൽ പട്രോളിങ്ങിനായി സ്പീഡ് ബോട്ടും മറ്റും വാങ്ങി. ഇന്ത്യൻ നാവിക സേനയും കോസ്റ്റ് ഗാർഡും ഏകോപിപ്പിക്കുന്നതിനായി ഒരു നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരസംരക്ഷണം ഉറപ്പാക്കാൻ മുംബൈ പൊലീസ് തീര സംരക്ഷണസേനയുടെയും നാവിക സേനയുടെയും സഹായത്തോടെ സാഗർ കവാത്ത് ഓപ്പറേഷൻ എന്ന പേരിൽ സുരക്ഷാപരിശോധനയും നടത്തിവരുന്നുണ്ട്.

മുംബൈ നഗരത്തിന്റെ 149 കിലോമീറ്റർ വരുന്ന തീരദേശമേഖലകളിലായി അഞ്ച് പൊലീസ് സ്്‌റ്റേഷനുകൾ കൂടി അനുവദിക്കണമെന്നും സിറ്റി പൊലീസ് അധികൃതർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സ്റ്റേഷനുകൾ പൂർണമായും തീരസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രമാകണമെന്നാണ് സിറ്റി പൊലീസ് ആവശ്യപ്പെടുന്നത്.